താരസംഘടനയായ ‘അമ്മ’യിൽ വോട്ടുചെയ്ത് മടങ്ങുന്നതിനിടെ നടന്‍ കൊല്ലം തുളസി നടത്തിയ പ്രസ്താവനയ്ക്ക് സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴ. ആണുങ്ങളാണ് എപ്പോഴും ഭരിക്കേണ്ടതെന്നും പെണ്ണുങ്ങള്‍ എപ്പോഴും താഴെയായിരിക്കണം എന്ന നടന്റെ പ്രസ്താവനയാണ് വിവാദത്തിനു തിരികൊളുത്തിയത്.
‘‘ആണുങ്ങള്‍ ഭരിക്കണം എന്നാണോ ചേട്ടന് താത്പര്യം’’, എന്ന യൂട്യൂബേഴ്സിന്റെ ചോദ്യത്തിനു മറുപടി പറയുന്നതിനിടെയാണ് കൊല്ലം തുളസിയുടെ വിവാദ പ്രസ്താവന. ‘ആണുങ്ങള്‍ അല്ലേ ഭരിക്കുക. പെണ്ണുങ്ങള്‍ എപ്പോഴും താഴെയായിരിക്കണം’, എന്ന് നടന്‍ മറുപടി നല്‍കി. ചോദ്യം ചോദിച്ചവരോട് അങ്ങനെയല്ലേ എന്ന് തിരിച്ചുചോദിച്ച കൊല്ലം തുളസി, ‘വേഗം വിട്ടോ, വെച്ചുകാച്ചിക്കോ’, എന്നും പറയുന്നു.
ഇങ്ങനെ പറഞ്ഞാൽ സ്ത്രീകളെല്ലാം തന്റെ ശത്രുക്കളമാകുമെന്നും താൻ വെറുതെ പറഞ്ഞതാണെന്നും പിന്നീട് കൊല്ലം തുളസി വ്യക്തമാക്കി.
















