ചായക്കടയിലെ മടക്ക് സാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചികരമായ മധുരമൂറും മടക്ക് സാൻ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
മൈദ- ഒരു കപ്പ്
ഗോതമ്പുപൊടി- അര കപ്പ്
അരിപ്പൊടി- 3 ടേബിൾ സ്പൂൺ
നെയ്യ്- ഒരു ടേബിൾസ്പൂൺ+കാൽക്കപ്പ്
പഞ്ചസാര- ഒരു കപ്പ്
മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
എണ്ണ- വറുക്കാൻ ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി- ഒരു ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തിൽ മൈദ, ഗോതമ്പുപൊടി, ഉപ്പ്, ഒരു ടേബിൾ സ്പൂൺ നെയ്യ് ഇവ ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി ചേർക്കാം. ഇതിലേക്ക് വെള്ളം കുറേശ്ശെ ചേർത്തു ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. അഞ്ചു മിനിറ്റ് നന്നായി കുഴച്ച ശേഷം അൽപ്പം എണ്ണ തടവി മാറ്റിവെയ്ക്കുക. ഇനി ഉരുക്കിയ നെയ്യിലേക്കു മൂന്ന് ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്തു നന്നായി യോജിപ്പിച്ച് മാറ്റിവയ്ക്കുക. തയാറാക്കി വെച്ചിരിക്കുന്ന മാവ് ഒരേ വലുപ്പത്തിലുള്ള ആറ് ഉരുളകളാക്കി മാറ്റുക. ശേഷം അൽപം പൊടി വിതറി 6 ചപ്പാത്തി കനം കുറച്ച് പരത്തുക. ഒരു ചപ്പാത്തിയുടെ മുകളിലേക്കു നെയ്യും അരിപ്പൊടിയും ചേർന്ന മിശ്രിതം ഒരു ബ്രഷ് വച്ചു തേച്ചു കൊടുക്കുക. ഇതിനു മുകളിലേക്ക് അടുത്ത ചപ്പാത്തി വയ്ക്കുക. ആറ് ചപ്പാത്തിയും ഈ രീതിയിൽ നെയ്യ് പുരട്ടി അടുക്കി വയ്ക്കുക. ഏറ്റവും മുകളിലും നെയ് മിശ്രിതം പുരട്ടി ഒന്നിച്ച് നീളത്തിൽ ചുരുട്ടി എടുക്കുക.വശങ്ങൾ അല്പം മുറിച്ചു മാറ്റിയതിനു ശേഷം ഇതിനെ കഷണങ്ങളാക്കി മുറിക്കുക.അല്പം പൊടി വിതറി ഓരോ കഷണങ്ങളും നീളത്തിൽ പരത്തിയെടുക്കണം.
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി പരത്തി എടുത്ത മടക്ക് ഇട്ട് വറുത്തെടുക്കാം. വറുത്തുകൊണ്ടിരിക്കുമ്പോൾ സ്പൂൺ ഉപയോഗിച്ച് ചൂട് എണ്ണ മടക്കിൻ്റെ മുകളിലേക്ക് ഒഴിച്ചു കൊണ്ടേയിരിക്കണം. ഉൾഭാഗവും നന്നായി മൊരിഞ്ഞ് നിറം മാറാൻ തുടങ്ങുമ്പോൾ മടക്ക് എണ്ണയിൽ നിന്ന് കോരിയെടുക്കാം. ഇനി ഒരു പാത്രത്തിൽ പഞ്ചസാരയും, അരക്കപ്പ് വെള്ളവും, ഏലയ്ക്കാപ്പൊടിയും ചേർത്ത് തിളപ്പിക്കണം. പഞ്ചസാര നന്നായി ഉരുകി ഒട്ടുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്ത് അഞ്ചുമിനിറ്റ് ചൂട് അല്പം മാറാൻ വേണ്ടി മാറ്റി വെയ്ക്കുക. തയാറാക്കിയ മടക്കുകൾ ഓരോന്നായി പഞ്ചസാര ലായിനിയിൽ മുക്കി എടുക്കണം. മടക്ക് സാൻ തയ്യാർ.
STORY HIGHLIGHT : madakk saan
















