ആക്സിയം ഫോർ ദൌത്യത്തിൽ പങ്കാളിയായ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ശുഭാൻശു ശുക്ലയുടെ ബഹിരാകാശ ദൗത്യ വിജയം ലോക്സഭയിൽ ചർച്ച ചെയ്യും. തിങ്കളാഴ്ച ആയിരിക്കും ചർച്ച. ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 15 ന് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ജൂൺ 25 നാണ് ആക്സിയം -4 ന്റെ മിഷൻ പൈലറ്റായി അദ്ദേഹം ബഹിരാകാശത്തേയ്ക്ക് പോകുന്നത്. ജൂൺ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാൾ നാല് ദിവസം അധികം നിലയത്തിൽ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങിയത്.
അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആർഒയും നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമായിരുന്നു ഇത്. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയായിരുന്നു ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു മാറിയിരുന്നു. രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കിയിരുന്നു. വെറ്ററൻ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സൺ കമാൻഡറായുള്ള ദൗത്യത്തിൽ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാൻസ്‌കിയും ഹങ്കറിക്കാരൻ ടിബോർ കാപുവും മിഷൻ സ്പെഷ്യലിസ്റ്റുകളായിരുന്നു.
STORY HIGHLIGHT :Shubhanshu Shukla Back In India Tomorrow
















