അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി അജിത് കുമാറിന് മുഖ്യമന്ത്രി ക്ലീന്‍ ചീറ്റ് നല്‍കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും എഡിജിപി അജിത്ത് കുമാറിനെയും രക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ഇടപെട്ടുവെന്ന് വ്യക്തമായി തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്.നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രിയും കുറ്റവാളിയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് അദ്ദേഹത്തിനെതിരെയും അന്വേഷണം വേണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അഭ്യന്തര വകുപ്പ് കൈയാളുന്ന വകുപ്പ് മന്ത്രി തന്നെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു. കോടതിയിലുള്ള കേസില്‍ വ്യക്തമായ തെളിവ് ഉണ്ടെന്ന വിജിലന്‍സ് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. വിജിലന്‍സ് വകുപ്പിന്റെ ചുമതല വഹിക്കാന്‍ മുഖ്യമന്ത്രി അയോഗ്യനാണ്. അന്വേഷണത്തില്‍ ഇരിക്കുന്ന കേസില്‍ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന വിധം ഇടപെടാന്‍ അധികാരമില്ലെന്നിരിക്കെയാണ് മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്തത്. ആരോപണവിധേയരായ എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എതിരായ തെളിവുകള്‍ ശേഖരിക്കാതെ അന്വേഷണത്തെ ദുര്‍ബലപ്പെടുത്തി. പ്രതികളെ സംരക്ഷിച്ചു. പോലീസ് അന്വേഷണത്തിലൂടെ സത്യം കണ്ടെത്താനാകില്ല. പ്രത്യേക അന്വേഷണം ആവശ്യമാണ്. ഇക്കാര്യം കോടതിക്കും ബോധ്യമായെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് ആര്‍എസ്എസുമായുള്ള പാലമാണ് പ്രതിസ്ഥാനത്തുള്ള എഡിജിപി എം.ആര്‍ അജിത് കുമാര്‍.അതിനാലാണ് പൂരം കലക്കല്‍,സ്വര്‍ണ്ണംപൊട്ടിക്കല്‍ തുടങ്ങിയ ഗുരുതര ആരോപണങ്ങളിലും എഡിജിപിക്കെതിരെ നടപടിയെടുക്കാത്തത്. അജിത് കുമാറിനെതിരെ ആരോപണം ഉന്നയിച്ചത് ഭരണകക്ഷി എംഎല്‍എ ആയിരുന്നില്ലെ? എല്‍ഡിഎഫിലെ ഘടകകക്ഷിയായ സിപി ഐയ്ക്കും അജിത് കുമാറിനോട് എതിര്‍പ്പുണ്ടായിരുന്നല്ലോ? എന്നിട്ടും ആരോപണ വിധേയനായ അജിത് കുമാറിനെതിരെ അന്വേഷണ പ്രഹസനം നടത്തി മുഖ്യമന്ത്രി സംരക്ഷിക്കുകയായിരുന്നില്ലെ? അന്വേഷണം അട്ടിമറിക്കാന്‍ നടത്തിയ ഇടപെടലുകള്‍ പുറത്തുവരാതിരിക്കാനാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കാന്‍ ആഭ്യന്തരവകുപ്പ് ശ്രമിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോര്‍ജിനോട് ശമ്പള കുടിശ്ശിക ചോദിച്ച മഞ്ചേരി മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാര്‍ക്കെതിരെ കേസെടുത്ത നടപടി ധിക്കാരമാണ്. പ്രതികരിക്കുന്ന തൊഴിലാളികളോട് പ്രതികാരം തീര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെത്. സത്യം വിളിച്ച് പറഞ്ഞ ഡോ.ഹാരീസ് ഹസനോടും ചെയ്തത് ഇതുതന്നെയണ്.തൊഴിലാളികള്‍ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സണ്ണി ജോസഫ് പറഞ്ഞു.
















