ശൈത്യകാലത്തെ അതിജീവിക്കാൻ ശീതനിദ്രയിലേക്ക് പോകുന്നവരാണ് തവളകൾ. അലാസ്ക, കാനഡ, യുഎസ് തുടങ്ങിയ തണുപ്പുകൂടിയ രാജ്യങ്ങളിലും മറ്റും തവളകൾ ജലാന്തർഭാഗത്താണു ശീതനിദ്ര നടത്തുന്നത്. തടാകങ്ങളിലും നദികളിലുമൊക്കെയുള്ള തണുത്തുറഞ്ഞ ജലത്തിനുള്ളിലേക്ക് ഊളിയിട്ടിറങ്ങിയ ശേഷം ഇവ ജലസുഷുപ്തിയിലേക്കു കടക്കും.
എന്നാൽ അലാസ്കയിൽ തന്നെയുള്ള വുഡ് ഫ്രോഗ്സ് എന്നയിനം തവളകൾക്കു മറ്റൊരു മാർഗമാണുള്ളത്. അവ വനത്തിലെ ഇലകളുടെ പരപ്പിലാണു കിടന്നു ശീതനിദ്ര നടത്തുന്നത്, ജലത്തിലേക്ക് ഇറങ്ങുകയില്ല. ഈ സമയം ഇവ തണുത്തുറഞ്ഞ് ഐസു പോലെയാകും. ഇതുകാരണം വസന്തകാലം തുടങ്ങുമ്പോഴേ ഈ തവളകൾ പ്രവർത്തനനിരതരാകും.
തടാകത്തിലും വെള്ളത്തിലുമൊക്കെ ശീതനിദ്ര നടത്തിയ തവളകൾ ഈ സമയവും ഉണർന്നിട്ടുണ്ടാകില്ല.ശരീരം തണുത്തുറയുകയെന്നത് വളരെ അപകടകരമായ സ്ഥിതിയാണ്. രക്തം മരവിച്ചു കഴിഞ്ഞാൽ അവയവങ്ങളിലേക്കു ഓക്സിജനും മറ്റ് പോഷണങ്ങളും എത്തില്ല. ശരീരത്തിൽ ഐസുണ്ടായാൽ കോശങ്ങളിൽ നിന്നു വെള്ളം വലിച്ചെടുക്കപ്പെടും. ഇതുകാരണം ഡീഹൈഡ്രേഷനുമുണ്ടാകും.
കോശങ്ങളുടെ ആന്തരിക ഘടന ഇതിനാൽ നശിക്കപ്പെടും. ഇത്രയും അപകടകരമായിട്ടും ശരീരത്തെ തണുത്തുറഞ്ഞ അവസ്ഥയിലാക്കാനും അതു നിലനിർത്താനും വുഡ് ഫ്രോഗ്സിന് എങ്ങനെ കഴിയും? അതും 8 മാസമൊക്കെ നീളുന്ന കാലയളവിൽ. തണുത്തുറഞ്ഞ അവസ്ഥയിൽ ഈ തവളയ്ക്കുള്ളിൽ ഐസ് നിറയുമെങ്കിലും ഇതിന്റെ കരൾ വലിയ അളവിൽ ഗ്ലൂക്കോസ് ഉൽപാദിപ്പിക്കും. ഇതു കാരണം കോശങ്ങൾ തണുത്തുറയാതെയിരിക്കും. നിർജലീകരണം വരുകയുമില്ല. ഈ തവളകൾ മഞ്ഞുകാലം പിന്നിടുന്നതിന്റെ കാരണം ഇതാണ്.
















