ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിനായി ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന് ചേരും. വൈകിട്ട് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനം വന്നേക്കും. ബിജെപിയിൽ നിന്ന് തന്നെ ഒരു നേതാവ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.
കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി.നദ്ദ, ജമ്മു കാശ്മീർ ലഫ് ഗവർണർ മനോജ് സിൻഹ, മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‍വി, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.
ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്താണ് യോഗം. ജൂലൈ 21ന് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉപരാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് നടക്കുന്നത്.
















