ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല രാജ്യത്ത് തിരിച്ചെത്തി. ഇന്ന് പുലർച്ചയോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐ.എസ്.ആർ.ഒ. ചെയർമാൻ വി. നാരായണൻ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. ദേശീയ പതാകയുമായി നിരവധി പേർ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ജൂൺ 25ന് ആണ് കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ശുഭാൻശു ശുക്ല ഉൾപ്പെടുന്ന നാലംഗ സംഘം ഉൾക്കൊള്ളുന്ന ഡ്രാഗൺ പേടകത്തെയും വഹിച്ച് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്. ജൂൺ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാൾ നാല് ദിവസം അധികം നിലയത്തിൽ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങിയത്. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസാണ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചത്.
















