വർക്കലയിലെ ആറോളം അങ്കണവാടികളിൽ കുട്ടികളെ കൊണ്ട് രാഖി കെട്ടിപ്പിച്ച സംഭവത്തിൽ പരാതി നൽകി ഡിവൈഎഫ്ഐ.
മുഖ്യമന്ത്രി, സാമൂഹ്യനീതി വകുപ്പ് മന്ത്രി, ഡയറക്ടർ, ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ, ഡിജിപി എന്നിവർക്കാണ് പരാതി നൽകിയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള അങ്കണവാടികളിൽ കുട്ടികളെക്കൊണ്ട് രാഖി കെട്ടിപ്പിച്ചത്.
സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു ഉത്തരവ് നൽകിയിട്ടില്ലെന്നിരിക്കേ, കേന്ദ്രസർക്കാറിന്‍റെ ഹർ ഘർ തിരങ്ക ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയതാണെന്നായിരുന്നു വിശദീകരണം. എന്നാൽ, കേന്ദ്ര ഉത്തരവിലും ഇങ്ങനെ ഒരു നിർദേശമില്ല. കുട്ടികൾ നിർമിച്ച രാഖി സൈനികർക്ക് നൽകാനായി പോസ്റ്റൽ മാർഗം അയക്കാനാണ് ഉത്തരവിൽ പറയുന്നത്.
ഇതിന്‍റെ മറവിലാണ് കുട്ടികളെ കൊണ്ട് രാഖി പരസ്പരം കെട്ടിച്ചത്. അംഗൻവാടി ടീച്ചേഴ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അഡീഷണൽ സി ഡി പി ഓയാണ് അംഗൻവാടികളിൽ രാഖി നിർമ്മാണം നടത്താൻ നിർദ്ദേശം നൽകിയത്.
















