കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് എട്ടാം ശമ്പള കമ്മീഷന്‍ നടപ്പിലാകുന്നതിനാണ്. വന്‍ ശമ്പള വര്‍ദ്ധനവാണ് ഇത്തവണ കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത്. പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. എന്നാല്‍ ശമ്പള കമ്മീഷന്‍ നടപ്പിലാക്കുന്നത് വൈകിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
2025 ജനുവരിയില്‍ ആണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശമ്പള കമ്മീഷന്‍ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ വളരെ സാവധാനത്തിലാണ് നടക്കുന്നത്. ഏറ്റവും നിര്‍ണായകമായ ടേംസ് ഓഫ് റെഫറന്‍സിന് ഇതുവരെ അന്തിമരൂപം ആയിട്ടില്ല. ഏഴാം ശമ്പള കമ്മീഷന്‍ നടപ്പിലായതിന്റെ കാലഗണന പരിഗണിച്ചാല്‍ എട്ടാം ശമ്പള കമ്മീഷന്‍ നടപ്പിലാകുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരും എന്നാണ് വിലയിരുത്തല്‍. 2028 ജനുവരിയോടെ ആയിരിക്കും പ്രാബല്യത്തില്‍ വരിക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഓരോ പത്തുവര്‍ഷത്തിലും ആണ് ശമ്പള കമ്മീഷന്‍ രൂപീകരിക്കാറുള്ളത്. ഈ കമ്മീഷന്‍ ആണ് കേന്ദ്ര ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, മറ്റ് അലവന്‍സുകള്‍ എന്നിവ പുതുക്കി നിശ്ചയിക്കുന്നത്. എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ കമ്മീഷന് ഒരു ചെയര്‍മാനേയോ അംഗങ്ങളേയോ നിയമിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രഖ്യാപനം വന്ന് ഏഴ് മാസ ആയിട്ടും ടേംസ് ഓഫ് റെഫറന്‍സും എവിടേയും എത്തിയിട്ടില്ല.
ഏഴാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചത് 2013 സെപ്തംബര്‍ 25 ന് ആയിരുന്നു. എന്നാല്‍ പിന്നീട് 33 മാസങ്ങള്‍ക്ക് ശേഷം ആയിരുന്നു കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിയത്. സമാനമായ രീതിയില്‍ തന്നെയാണ് ഇപ്പോള്‍ എട്ടാം ശമ്പള കമ്മീഷന്റെ കാര്യങ്ങളും മുന്നോട്ട് പോകുന്നത് എന്നാണ് വിലയിരുത്തല്‍. ഏഴാം ശമ്പള കമ്മീഷന്‍ പ്രഖ്യാപനം വന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം ആയിരുന്നു ടേംസ് ഓഫ് റെഫറന്‍സ് പുറത്തിറക്കിയത്. അംഗങ്ങളെ നിയമിച്ചത് 2014 മാര്‍ച്ച് 4 ന് ആയിരുന്നു. പിന്നീട് 20 മാസം കഴിഞ്ഞ് 2015 നവംബര്‍ 19 ന് ആണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒടുവില്‍ നടപ്പിലാക്കിയത് 2016 ജൂണ്‍ 29 നും. 2016 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ ആയിരുന്നു ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിയത്.
ഇതുപോലെയാണ് എട്ടാം ശമ്പള കമ്മീഷനും മുന്നോട്ട് പോകുന്നത് എങ്കില്‍ രണ്ട് വര്‍ഷത്തിലേറെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പള പരിഷ്‌കരണത്തിനായി കാത്തിരിക്കേണ്ടി വരും. ഈ മാസം ടേംസ് ഓഫ് റെഫറന്‍സ് പുറത്തിറക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
















