റെയിൽവേ സ്റ്റേഷനുകളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് കണ്ണൂരിലും സമീപ പ്രദേശങ്ങളിലും ഇ-സ്‌കൂട്ടർ പദ്ധതി വരുന്നു. കണ്ണൂരിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പയ്യാമ്പലം ബീച്ച്, കോട്ട, അറക്കൽ മ്യൂസിയം എന്നിവ സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഈ പദ്ധതി. ട്രെയിനിറങ്ങിയ ഉടൻ സ്റ്റേഷനിൽനിന്ന് ഇ-സ്‌കൂട്ടർ വാടകയ്‌ക്കെടുത്ത് ഈ സ്ഥലങ്ങൾ സന്ദർശിച്ച് തിരികെയെത്താൻ കഴിയും.
ഇ-സ്‌കൂട്ടർ പദ്ധതി
കണ്ണൂരിൽനിന്ന് 10 കിലോമീറ്ററിനുള്ളിലുള്ള പയ്യാമ്പലം ബീച്ച്, കോട്ട, അറക്കൽ മ്യൂസിയം എന്നിവയെ ബന്ധിപ്പിച്ച് ടൂറിസം സാധ്യതകൾ വർധിപ്പിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം. കണ്ണൂർ റെയിൽവേ സ്റ്റേഷനോടും അടുത്തുള്ള പഴയങ്ങാടി, മാഹി, തലശ്ശേരി ഉൾപ്പെടെ 17 സ്റ്റേഷനുകളിലാണ് ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നൽകുക. എറണാകുളം, തിരുവനന്തപുരം തുടങ്ങിയ വലിയ സ്റ്റേഷനുകളിൽ നിലവിലുള്ള ‘റെൻ്റ് എ ബൈക്ക്’ സൗകര്യമാണ് കണ്ണൂരിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്.
മണിക്കൂർ അടിസ്ഥാനത്തിലും ദിവസ വാടകയ്ക്കും വാഹനം ലഭിക്കും. ആധാർ കാർഡ്, ലൈസൻസ് എന്നിവ പരിശോധിച്ച ശേഷമായിരിക്കും സ്‌കൂട്ടർ നൽകുക. ജിപിഎസ് സംവിധാനവും ഹെൽമറ്റും ഉണ്ടാകും. ടെൻഡർ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു. റെയിൽവേ നൽകുന്ന സ്ഥലത്ത് സ്വകാര്യ കരാറുകാരാണ് സംരംഭം നടത്തുക. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പദ്ധതി ഉടൻ തുടങ്ങും.
റെയിൽവേ സ്റ്റേഷനുകൾ ഇനി വിവിധ സംരംഭങ്ങളുടെ കേന്ദ്രം
വൈവിധ്യവത്കരണത്തിലൂടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റെയിൽവേ സ്റ്റേഷനുകളിൽ വിവിധതരം കടകൾ തുടങ്ങാൻ പദ്ധതിയിടുന്നു. ചെരിപ്പുകൾ, മൊബൈൽ ഷോപ്പുകൾ, പാവകളും സ്റ്റേഷനറി സാധനങ്ങളും വിൽക്കുന്ന ഗിഫ്റ്റ് ഷോപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാർക്ക് വിനോദത്തിനും വിനോദ സഞ്ചാരത്തിനും ഉതകുന്ന രീതിയിലാണ് പുതിയ സംരംഭങ്ങൾ.
കാസർകോട്, ഫറോക്ക് സ്റ്റേഷനുകളിൽ ഇതിനായി ടെൻഡർ വിളിച്ചു. മുടി മുറിക്കുന്നതിനും ബ്യൂട്ടി പാർലറുകൾ തുടങ്ങുന്നതിനും കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അത്തർ ഷോപ്പുകളും വാച്ചുകടകളും തുടങ്ങാനും പദ്ധതിയുണ്ട്.
പ്ലാറ്റ്‌ഫോമുകളിലും വൈവിധ്യം
യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി പ്ലാറ്റ്‌ഫോമുകളിലും മാറ്റങ്ങൾ വരുന്നു. കണ്ണൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ എടിഎം മെഷീനുകൾ വന്നു കഴിഞ്ഞു. മംഗളൂരു സെൻട്രൽ മുതൽ പാലക്കാട് വരെയുള്ള 18 സ്റ്റേഷനുകളിൽ എടിഎം സ്ഥാപിക്കാനും പദ്ധതിയുണ്ട്.
കണ്ണൂർ, വടകര പ്ലാറ്റ്‌ഫോമുകളിൽ ഐസ്‌ക്രീം പാർലറുകൾ തുറന്നു. 13 സ്റ്റേഷനുകളിലെ പാർലറുകൾക്കായുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി. മസാജ് ചെയറുകളും കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നു. കോഴിക്കോട്, മംഗളൂരു സെൻട്രൽ സ്റ്റേഷനുകളിൽ ഗെയിമിങ് സോണും പ്രവർത്തന സജ്ജമാകും.
















