റഷ്യൻ മോഡലും മിസ് യൂണിവേഴ്സ് 2017 മത്സരാർഥിയുമായ സേനിയ അലക്സാന്‍ദ്രോവ വാഹനാപകടത്തിൽ മരിച്ചു. 30 വയസായിരുന്നു.
ജൂലൈ 5നാണ് റഷ്യയിലെ ത്വെർ ഒബ്ലാസ്റ്റിൽ വച്ച് സേനിയ അലക്സാന്‍ദ്രോവയും ഭർത്താവ് ഇല്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഭർത്താവാണ് വാഹനം ഓടിച്ചിരുന്നത്.അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സേനിയ, കോമയിലായിരുന്നു. ചികിത്സയ്ക്കിടെ ഈ മാസം 12നു മരണത്തിന് കീഴടങ്ങുകയായിരുന്നു. സേനിയ അലക്സാന്‍ദ്രോവയുടെ മോഡലിങ് ഏജൻസിയായ മോഡസ് വിവെൻഡിസാണ് മരണം സ്ഥിരീകരിച്ചത്.‘‘ഞങ്ങളുടെ സഹപ്രവർത്തകയും സുഹൃത്തും മോഡലുമായ സേനിയ അലക്സാന്‍ദ്രോവ അന്തരിച്ചു എന്ന വാർത്ത ദുഖത്തോടെ അറിയിക്കുകയാണ്.വളരെ കഴിവുള്ളയാളായിരുന്നു സേനിയ. ചുറ്റുമുള്ള എല്ലാവർക്കും പ്രചോദനം നൽകാനും അവരെ പിന്തുണയ്ക്കാനും അവർ ശ്രമിച്ചിരുന്നു.അവൾ ഞങ്ങൾക്ക് എന്നും സൗന്ദര്യത്തിന്റെയും ദയയുടെയും പ്രതീകമായി തുടരും. അവളുടെ മരണത്തിൽ ഞങ്ങളുടെ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിനും സുഹൃത്തുക്കൾക്കും സേനിയയെ അറിയാനുള്ള ഭാഗ്യം ലഭിച്ച എല്ലാവർക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.’’ മോഡൽ ഏജൻസി വാർത്താക്കുറിപ്പിൽ പറഞ്ഞു.
നാലു മാസം മുൻപ് മാർച്ച് 22നായിരുന്നു സേനിയ അലക്സാന്‍ദ്രോവയും ഭർത്താവ് ഇല്യയും തമ്മിലുള്ള വിവാഹം.ഇതിന്റെ ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിലൽ പങ്കുവച്ചിരുന്നു. 2017 ൽ മിസ് റഷ്യയായ ഇവർ മിസ് യൂണിവേഴ്സ് മത്സരത്തിൽ റഷ്യയെ പ്രതിനിധീകരിച്ചിരുന്നു.മോസ്കോ പെഡഗോഗിക്കൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് മനശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്.
















