കോടമഞ്ഞിൽ പച്ചപുതച്ച് കിടക്കുന്ന സുന്ദരമായ ഇടമാണ് വട്ടവട. മൂന്നാറിൽ നിന്ന് വെറും 44 കിലോമീറ്റർ അകലെയുള്ള കാർഷിക ഗ്രാമമായ വട്ടവട പ്രകൃതി ഭംഗികൊണ്ടും തണുപ്പുകൊണ്ടും മൂന്നാറിനെ വെല്ലും. മൂന്നാറിൽ എത്തുന്ന ഭൂരിഭാഗം സഞ്ചാരികളും ഒഴിവാക്കുന്ന വട്ടവട പക്ഷെ അധികമാരും അറിയാത്ത ഒരു സ്വപ്നഭൂമിയാണ്.
സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണിവിടെ. യൂക്കാലിപ്റ്റസ്, പൈൻവർഗത്തിൽ പെട്ട മരങ്ങൾ ധാരാളമുളള ഇവിടെ അപൂർവങ്ങളായ ചിത്രശലഭങ്ങളെയും കാണാം. ഇവിടെ നിന്ന് കൊടൈക്കനാൽ, ടോപ്‌സ്റ്റേഷൻ, മാട്ടുപ്പെട്ടി, കാന്തല്ലൂർ, മീശപ്പുലിമല എന്നിവിടങ്ങളിലേക്ക് ചെന്നെത്തുന്ന വഴികളുമുണ്ട്.
മഞ്ഞിന്‍ കണങ്ങള്‍ പൊഴിഞ്ഞ തേയില കാടുകള്‍, തേയില കാടുകള്‍ക്ക് നടുവിലെ ഫാക്‌ടറികള്‍, അവിടെ നിന്നുള്ള അടിപൊളി ചായയുടെ മണം എന്നിവയെല്ലാം സന്ദര്‍ശകരെ മത്ത് പിടിപ്പിക്കും.
മാത്രമല്ല കാര്‍ഷിക ഗ്രാമമായ ഇവിടെ കാണാന്‍ നിരവധി കൃഷിയിടങ്ങളുമുണ്ട്. പശ്ചിമഘട്ടത്തിലെ പഴനി മലനിരകളിലാണ് പഴങ്ങളും പച്ചക്കറികളും ധാരാളം വിളയുന്ന കൃഷിയിടങ്ങളുള്ളത്. സീസണ്‍ അനുസരിച്ചാണ് കര്‍ഷകര്‍ ഇവിടെ കൃഷിയിറക്കുക. അതുകൊണ്ട് പല സമയങ്ങളിലെ യാത്രകളില്‍ പലതായിരിക്കും കാഴ്‌ചകളുണ്ടാകുക.തണുപ്പേറുന്ന ഡിസംബറില്‍ പഴുത്ത് പാകമായി നില്‍ക്കുന്ന ആപ്പിളും സ്‌ട്രോബറിയും ഓറഞ്ചുമെല്ലാം വട്ടവടയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും. തട്ട് തട്ടുകളായി കൃഷി ചെയ്യുന്ന തോട്ടങ്ങളിലെത്തിയാല്‍ നേരിട്ട് നമ്മുക്ക് പഴങ്ങള്‍ പറിച്ചെടുക്കാം. ആവശ്യമുള്ള പഴങ്ങള്‍ നോക്കി വാങ്ങുകയും ചെയ്യാം. ഇങ്ങനെ യാത്ര തുടങ്ങുന്നത് മുതല്‍ അതവസാനിക്കും വരെയും കാഴ്‌ചകളുണ്ട് ആസ്വദിക്കാന്‍.
മൂന്നാറിൽ നിന്ന് വട്ടവടയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് തേയില തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള റോഡിലൂടെയാണ്. കോടമഞ്ഞ് നിറഞ്ഞ കാലാവസ്ഥയിൽ നേരിയ തണുപ്പ് അനുഭവിച്ചുള്ള യാത്ര ഏതൊരു സഞ്ചാരിക്കും നൽകുന്നത് വ്യത്യസ്ത അനുഭവമാണ്. യൂക്കാലിപ്സ് മരങ്ങൾക്ക് നടുവിലൂടെയുള്ള യാത്രയിൽ അഞ്ചോളം വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ഫോട്ടോ പോയിൻ്റ് (photo point munnar), മാട്ടുപ്പെട്ടി ഡാം (mattupetty dam), എക്കോ പോയിൻ്റ് (echo point munnar), കുണ്ടള അണക്കെട്ട് (kundala lake munnar), വ്യൂ പോയിൻ്റ് എന്നീ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ കഴിഞ്ഞാണ് വട്ടവടയിലേക്ക് എത്തുക.
മൂന്നാർ ടൗണിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള പാമ്പാടും ഷോല നാഷണൽ പാർക്കിലൂടെയാണ് (pampadum shola national park) പിന്നീട് വട്ടവടയിലേക്കുള്ള യാത്ര. വന്യ മൃഗങ്ങളുടെ സാന്നിധ്യമുള്ള പാമ്പാടും ഷോല നാഷണൽ പാർക്കിലെ പ്രധാന കവാട കഴിഞ്ഞുള്ള അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ വട്ടവടയിലേക്ക് എത്താം. ഇവിടെ നിന്നും ഏതാനം രണ്ട് കിലോമീറ്റർ അകലെയാണ് തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന വട്ടവട എന്ന ചൊറിയ ഗ്രാമം
പശ്ചിമഘട്ടത്തിലെ പഴനി മലനിരകളിലാണ് പഴങ്ങളും പച്ചക്കറികളും ധാരാളം വിളയുന്ന വട്ടവട എന്ന മനോഹര ഗ്രാമം സ്ഥിതി ചെയ്യുന്നത്. അതിർത്തി ഗ്രാമമായതിനാൽ തന്നെ തമിഴും മലയാളവുമാണ് ഇവിടുത്തെ സംസാരഭാഷ. തട്ടുതട്ടുകളായി കൃഷി ചെയ്യുന്ന രീതിയാണ് വട്ടവടയിലെ ആകർഷങ്ങളിലൊന്ന്. സീസൺ അനുസരിച്ചുള്ള കൃഷി രീതിയാണ് വട്ടവട പിന്തുടരുന്നത്. അകലെ നിന്നുള്ള ഈ കാഴ്ച അതീവ മനോഹരമാണ്. 2011ലെ സെൻസസ് പ്രകാരം വട്ടവടയിൽ 3,292 ആളുകൾ മാത്രമാണുള്ളതെന്നാണ് വ്യക്തമാക്കുന്നത്. 12.27 ചതുരശ്ര മൈൽ വ്യാപ്തിയുള്ള ഗ്രാമത്തിൽ ആകെയുള്ളത് 901 കുടുംബങ്ങളാണ്.
വിനോദസഞ്ചാരികളുടെ പ്രിയ ലൊക്കേഷനായ വട്ടവട അടുത്ത സീസൺ കാലത്തിന് ഒരുങ്ങുകയാണ്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളാണ് വട്ടവടയിൽ തണുപ്പുള്ള കാലാവസ്ഥ എത്തുന്നത്. ഈ മാസങ്ങളാണ് വട്ടവടയിലെ സീസൺ സമയം. മൂന്നാറിനേക്കാൾ തണുപ്പുള്ള കാലാവസ്ഥയാണ് സമുദ്രനിരപ്പിൽ നിന്ന് 1,450 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെയുള്ളത്.
വട്ടവടയിൽ എത്തിയാൽ പ്രധാനമായും കാണാൻ സാധിക്കുക തട്ടുകളായി തിരിച്ച് അതിമനോഹരമായ രീതിയിലുള്ള കൃഷികളാണ്. പഴങ്ങളും പച്ചക്കറികളും ധാരാളായി കൃഷി ചെയ്യുന്നുണ്ട്. കൃഷിയിടങ്ങൾക്ക് നടുവിലൂടെയുള്ള ചെറിയ റോഡുകളും ചെറിയ വീടുകളും പ്രദേശത്തിൻ്റെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്. വട്ടവട ടൗണിൽ നിന്ന് നിശ്ചിത ദൂരം സഞ്ചരിച്ചാൽ വട്ട ഗ്രാമം മുഴുവൻ കാണാൻ സാധിക്കുന്ന വ്യൂ പോയിൻ്റിൽ എത്താം. മുകളിൽ നിന്നുള്ള ഈ യാത്രയിൽ വട്ടവട പൂർണമായി കാണാനാകും.
വട്ടവട ഗ്രാമത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ പച്ചപ്പിന് നടുവിലായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ചിലന്തിയാർ വെള്ളച്ചാട്ടം വട്ടവടയിൽ എത്തുന്നവർ ഒരിക്കലും ഈ സ്ഥലം മിസ്സ് ചെയ്യാൻ പാടില്ല. വട്ടവട ടൗണിനോട് ചേർന്ന ‘ഹണി മ്യൂസിയം’ സന്ദർശിക്കാൻ പറ്റിയ ഇടമാണ്. ഇന്ത്യയിലെ ആദ്യത്തെ ഹണി മ്യൂസിയം എന്ന വിശേഷവും ഇതിനുണ്ട്. അതിനാൽ തന്നെ വട്ടവട യാത്ര ആരെയും നിരാശരാക്കില്ല എന്ന കാര്യം ഉറപ്പാണ്.
















