നെയ്യ് ഒഴിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണിത്. ഉപ്പുമാവ് ഉണ്ടാക്കുമ്പോഴും, ചപ്പാത്തി, ദോശ തുടങ്ങിയവ ഉണ്ടാക്കുമ്പോഴുമെല്ലാം നമ്മൾ നെയ്യ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ശരിയായ രീതിയിലാണോ നിങ്ങൾ ഉപയോഗിക്കുന്നത്? നെയ്യ് അല്ലേ, അതിൽ എന്താണ് ഇത്ര ശ്രദ്ധിക്കാനുള്ളതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. എന്നാൽ അത് ശ്രദ്ധിക്കുക തന്നെ വേണം. ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ ഭക്ഷണത്തിന്റെ രുചി മാത്രമല്ല അതിന്റെ പോഷക ഗുണങ്ങളും നഷ്ടപ്പെട്ടേക്കും.
അതുകൊണ്ട് നെയ്യ് ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കാം.
അമിതമായി ചൂടാക്കരുത്
നെയ്യ് ചൂടാക്കുമ്പോൾ 250 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാക്കിയാൽ അത് ഭക്ഷണത്തിന്റെ രുചിയെ ബാധിക്കും.
അമിതമായ ഉപയോഗം
നെയ്യ് അമിതമായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം അമിതമായാൽ ഇത് ഭക്ഷണത്തിൽ അടിഞ്ഞുകൂടുകയും കലോറി കൂടുകയും ചെയ്യും. എപ്പോഴും മിതമായ അളവിൽ വേണം നെയ്യ് ഉപയോഗിക്കാൻ.
അസിഡിറ്റി
അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണങ്ങളിൽ ഒരിക്കലും നെയ്യ് ഉപയോഗിക്കരുത്. ഭക്ഷണത്തിന്റെ രുചി മാറാൻ ഇത് കാരണമാകും. കൂടാതെ ഭക്ഷണം വേഗത്തിൽ ചീത്തയാകാനും സാധ്യതയുണ്ട്.
എണ്ണ
ഭക്ഷണം പാകം ചെയ്യുമ്പോൾ നെയ്യ് ചേർക്കുന്നതിനൊപ്പം എണ്ണയും ചേർക്കാറുണ്ടോ? എന്നാൽ ഇനി അത് ഒഴിവാക്കാം. കാരണം ഇത് ഭക്ഷണത്തിന്റെ രുചി നഷ്ടപ്പെടുത്തുക മാത്രമല്ല അത് വേഗത്തിൽ കേടായി പോകാനും കാരണമാകും. ദഹനത്തെയും ഇത് ബാധിക്കും.
നെയ്യ് സൂക്ഷിക്കുന്നത്
ഈർപ്പം ഉള്ള പാത്രത്തിൽ ഒരു കാരണവശാലും നെയ്യ് സൂക്ഷിക്കരുത് അതുപോലെ തന്നെ അടപ്പ്/ മൂടിയില്ലാത്ത പാത്രങ്ങളും ഒഴിവാക്കുക. വൃത്തിയുള്ള, വെള്ളമയം ഇല്ലാത്ത നല്ല ഡ്രൈ ആയിട്ടുള്ള സ്പൂൺ ഉപയോഗിച്ച് വേണം നെയ്യ് എടുക്കാൻ.
















