ബജറ്റ് സ്‌മാർട്ട്‌ഫോൺ വിഭാഗത്തിലേക്ക് ഒരു ഫോൺ കൂടെ. ടെക്നോ സ്‌പാർക്ക് ഗോ 5ജി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 120Hz LCD ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 6400 SoC, 4GB റാം, 128GB സ്റ്റോറേജ്, 50MP ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 18W ചാർജിങ് പിന്തുണയുള്ള 6,000mAh ബാറ്ററി എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് പതിനായിരം രൂപയിൽ താഴെ വിലയിൽ ഈ ഫോൺ പുറത്തിറക്കിയത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഇത് പ്രവർത്തിക്കുക. IP64 റേറ്റിങുമായെത്തുന്ന ഫോണിന് 7.99mm വണ്ണവും 194 ഗ്രാം ഭാരവും ഉണ്ടായിരിക്കും. ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ 5ജി സ്‌മാർട്ട്‌ഫോണാണ് ഇതെന്നാണ് ടെക്‌നോ അവകാശപ്പെടുന്നത്. ടെക്നോ സ്‌പാർക്ക് ഗോയുടെ വിലയും ഫീച്ചറുകളും പരിശോധിക്കാം.
ടെക്നോ സ്‌പാർക്ക് ഗോ 5ജി ഒരു സ്റ്റോറേജ് ഓപ്‌ഷനിൽ മാത്രമാണ് ലഭ്യമാവുക. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 9,999 രൂപയാണ് വില. സ്കൈ ബ്ലൂ, ഇങ്ക് ബ്ലാക്ക്, ടർക്കോയ്‌സ് ഗ്രീൻ, ബിക്കാനീർ റെഡ് എന്നീ കളർ ഓപ്‌ഷനുകളിൽ ലഭ്യമാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ടെക്നോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ ഫ്ലിപ്‌കാർട്ടോ, ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയോ വാങ്ങാം. 2025 ഓഗസ്റ്റ് 21 ന് ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും വിൽപ്പന ആരംഭിക്കുക.
















