തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപെട്ട അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കാസർകോഡ്, കണ്ണൂർ, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ഇന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. ഇന്ന് നടക്കേണ്ട ഓണപ്പരീക്ഷയുയടക്കം മാറ്റിവച്ചിട്ടുണ്ട്. ഓണപ്പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കളക്ടർ വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മലയോര മേഖലയിലും തീരപ്രദേശത്തും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നദികളിലും, ഡാമുകളിലും ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു. 2 ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമായി നിലനിർത്തുന്നത്. ഇത് കാരണം കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ അറബിക്കടലിൽ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്.
















