ആപ്പുകൾ വഴി ബുക്ക് ചെയ്യുന്ന ഓൺലൈൻ ടാക്സി സർവ്വീസുകളിൽ ഓട്ടോ ചാർജ്ജായി അധികം നൽകേണ്ടിവരുന്ന തുക കണ്ടെത്താൻ നിരക്ക് കാൽകുലേറ്റർ. ബെംഗളൂരുവിലെ സോഫ്റ്റ്‍വെയർ എൻജിനിയർമാരായ അൻമോൾ ശർമയും യഷ് ഗാർഗുമാണ് മീറ്റർ ഹാക്കി എന്ന നിരക്ക് കാൽക്കുലേറ്റർ കണ്ടെത്തിയിരിക്കുന്നത്.
അഗ്രഗേറ്റർ ആപ്പുകൾ വഴി ബുക്ക് ചെയ്യുന്ന ഓൺലൈൻ റൈഡുകൾക്ക് എത്ര തുക അധികമായി നൽകേണ്ടിവരുമെന്ന് പരിശോധിക്കാൻ ഈ കാൽക്കുലേറ്റർ സഹായിക്കുന്നു.
സർക്കാർ അറിയിച്ച നിരക്കുകളെ അടിസ്ഥാനമാക്കിയാണ് പ്ലാറ്റ്‌ഫോം ഔദ്യോഗിക മീറ്റർ നിരക്ക് കണക്കാക്കുന്നത്. ഇത് കൂടാതെ വിവിധ ആപ്പ് അഗ്രഗേറ്റർമാർ ഈടാക്കുന്ന നിരക്കുകളുമായി താരതമ്യം ചെയ്യാനും ഈ കാൽക്കുലേറ്ററിന് സാധിക്കും.
#MeterHaaki പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഓട്ടോ നിരക്കുകളിൽ സുതാര്യത കൊണ്ടുവരാനും നിരക്ക് താരതമ്യം ചെയ്യൽ അനായാസമാക്കാനും ലക്ഷ്യമിട്ടാണ് ഈ കണ്ടെത്തൽ. കൂടുതൽ സൗകര്യത്തിനായി നാവിഗറ്റ് എന്ന മൊബൈൽ ആപ്പിലും ഇവർ പ്രവർത്തിക്കുന്നുണ്ട്.
ബെംഗളൂരുവിലെ വർദ്ധിച്ചുവരുന്ന ഓട്ടോ നിരക്കുകളെക്കുറിച്ചുള്ള വ്യാപകമായ ആശങ്കകൾക്ക് ഈ സംവിധാനം വലിയ പ്രയോജനകരമാണ്. കാരണം പലപ്പോഴും സർജ് പ്രൈസിംഗ്, ടിപ്പുകൾ, മറഞ്ഞിരിക്കുന്ന നിരക്കുകൾ എന്നിവ ചേർത്ത് വരുമ്പോൾ ഓൺലൈൻ ഓട്ടോകൾക്ക് സർക്കാർ നിരക്കുകളേക്കാൾ വളരെ ഉയർന്ന ചാർജ്ജാണ് ഈടാക്കുന്നത്.
കോടതികളും സർക്കാരും ഫെയർ മീറ്ററുകൾ ഉപയോഗിക്കണമെന്ന് ആവർത്തിച്ച് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും, ഇത് ഇനിയും പ്രാബല്യത്തിൽ വരുത്താൻ വിവിധ അഗ്രഗേറ്റർ ആപ്പുകൾ സന്നദ്ധരായിട്ടില്ല.
2022 ഒക്ടോബറിലെ കർണാടക ഹൈക്കോടതി ഉത്തരവ് പ്രകാരം, അഗ്രഗേറ്റർമാർക്ക് ഔദ്യോഗിക നിരക്കുകളേക്കാൾ 10% കൂടുതലും 5% ജിഎസ്ടിയും മാത്രമേ ഈടാക്കാൻ കഴിയൂ, എന്നിരിക്കെയും യാത്രക്കാർ വളരെ കൂടുതൽ പണം നൽകേണ്ടി വരാറുണ്ട്.
ഇത്തരത്തിൽ എത്ര തുക അനധികൃതമായി ഈടാക്കുന്നുണ്ടെന്നാണ് ഈ കാൽക്കുലേറ്റർ കണ്ടെത്തുന്നത്. സുതാര്യവും കൃത്യവുമായ നിരക്ക് വിവരങ്ങൾ ഉപയോഗിച്ച് യാത്രക്കാരെ ബോധവൽക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതും ലക്ഷ്യമിട്ടാണ് ഈ സംവിധാനം രൂപീകരിച്ചിട്ടുള്ളത്. ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ നിരക്കുകളാണ് കാൽക്കുലേറ്റർ പിന്തുടരുന്നത്
















