കല്പറ്റ: യുവതിയുടെ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒഡിഷ സ്വദേശി അറസ്റ്റിൽ. സുപർനപുർ ജില്ലയിലെ ലച്ചിപുർ ബുർസാപള്ളി സ്വദേശി രഞ്ചൻ മാലിക് (27) ആണ് പൊലീസിന്റെ പിടിയിലായത്. വയനാട് സ്വദേശിയായ യുവതിയുടെ പരാതിപ്രകാരമാണ് നടപടി. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് ഇയാൾ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഒഡിഷയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. മാവോവാദിസാന്നിധ്യമുള്ള ഒഡിഷയിലെ ഉൾഗ്രാമത്തിലെത്തി ഒഡിഷ പോലീസിന്റെ സഹായത്തോടെ വീട് വളഞ്ഞ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. യുവതിയുടെ സ്വകാര്യചിത്രങ്ങളും മൊബൈൽനമ്പറും ഉൾപ്പെടെയാണ് ഇയാൾ പ്രചരിപ്പിച്ചത്.
തമിഴ്നാട്ടിൽ ജോലിചെയ്യുന്ന സമയത്താണ് ഇയാൾ പ്രണയം നടിച്ച് യുവതിയിൽനിന്ന് സ്വകാര്യദൃശ്യങ്ങൾ കൈവശപ്പെടുത്തിയത്. തുടർന്ന് ഒഡിഷയിലേക്ക് തിരികെപ്പോയ പ്രതി വീണ്ടും യുവതിയോട് നഗ്നദൃശ്യങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഇത് വിസമ്മതിച്ചതിനെത്തുടർന്നാണ് മുൻപ് കൈവശപ്പെടുത്തിയ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങൾവഴി പ്രചരിപ്പിച്ചത്.എഎസ്ഐമാരായ കെ. റസാഖ്, പി.പി. ഹാരിസ്, സിപിഒമാരായ എൽ.എ. ലിൻരാജ്, അരുൺ അരവിന്ദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
















