ഡൽഹി: ബിഹാർ വിഷയത്തിൽ പാർലമെന്റിൽ നടക്കുന്ന രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്ത്യ സഖ്യ യോഗം ഇക്കാര്യം ചർച്ച ചെയ്തു. ബിജെപി വക്താവിനെ പോലെയാണ് കമ്മീഷൻ സംസാരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ വൻതോതിലുള്ള വോട്ടർ തട്ടിപ്പ് നടന്നതായി ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം.
ഇന്നലത്തെ വാർത്താസമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ബിജെപി വക്താവിനെ പോലെയാണ് കമ്മീഷൻ സംസാരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.അതേ സമയം രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. രാഹുൽ വോട്ടർപട്ടികയിൽ ചൂണ്ടിക്കാട്ടിയ പിഴവുകളിൽ ചിലതിന് മാത്രമാണ് കമ്മീഷൻ ഉത്തരം നല്കിയത്.
അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച ശേഷം ഇത് തെളിയിക്കാൻ തയ്യാറാകുന്നില്ല. ഇതായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇന്നലത്തെ വാദങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിശ്ചയിക്കുന്ന കൊളീജിയത്തിലെ അംഗമാണ് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി. ആ രാഹുൽ ഗാന്ധിക്കെതിരായ കമ്മീഷൻറെ ഈ പരസ്യ നീക്കം രാഷ്ട്രീയ തർക്കം രൂക്ഷമാക്കാൻ ഇടയാക്കും. രാഹുൽ പറഞ്ഞ പല കാര്യങ്ങളും അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടുന്ന കമ്മീഷൻ എന്നാൽ വോട്ടർ പട്ടികയിൽ പിഴവുണ്ടെന്ന് അംഗീകരിക്കുന്നു.
പരാതിയുണ്ടെങ്കിൽ എന്തു കൊണ്ട് കോടതിയിൽ പോയില്ല എന്നാണ് കമ്മീഷൻ രാഹുൽ ഗാന്ധിയോട് ചോദിക്കുന്നത്. ഒരേ സ്ഥലത്ത് നൂറോളം ആൾക്കാരെ എങ്ങനെ ചേർക്കുന്നു എന്നതിനും വിശദീകരണം ഇന്ന് കിട്ടിയില്ല. വീടില്ലാത്തവർക്കാണ് പൂജ്യം നമ്പർ നല്കിയത് എന്ന വാദം സർക്കാരിനും തിരിച്ചടിയാണ്. വീടില്ലാത്ത ഇത്രയും ജനങ്ങളുണ്ടോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. രാഹുൽ ഗാന്ധിയോട് മാപ്പു പറയാൻ ആവശ്യപ്പെട്ടെങ്കിലും സമാന വിഷയങ്ങളുന്നയിച്ച അനുരാഗ് താക്കൂറിനെക്കുറിച്ച് കമ്മീഷൻ മൗനം പാലിച്ചു
















