മുംബൈ: മൂർഖൻ പാമ്പിൻ്റെ ജന്മദിനാഘോഷ വീഡിയോ പങ്കുവെച്ച യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു. ധൂലെ ജില്ലയിലെ ബോറെഡി ഗ്രാമത്തിലാണ് സംഭവം. രാജ് സഹെബ്രാവു എന്ന യുവാവാണ് “മൂർഖൻ” പാമ്പിൻ്റെ പിറന്നാൾ ആഘോഷിച്ചത്. കൂടാതെ സംഭവത്തിന്റെ ആഘോഷ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെയ്ക്കുകയും ചെയ്തു.
വീഡിയോ വൈറലായതോടെ, യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു. കഴിഞ്ഞ മാസം, നാഗപഞ്ചമിദിനത്തിൽ ഗ്രാമത്തിനടുത്തു വെച്ച് മൂർഖൻ പാമ്പിനെ ഇയാൾ പിടികൂടുകയായിരുന്നു. ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു, കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു.
ജന്മദിനാഘോഷത്തിൻ്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്‌തു.വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ ഫോറസ്റ്റ് ഗാർഡ് ഗിർവാലെയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ അറസ്റ്റ് ചെയ്‌തു. പാമ്പിനെ പിടികൂടാനും വീഡിയോ പകർത്താനുപയോഗിച്ച രണ്ട് പ്ലാസ്റ്റിക് പെട്ടികളും മൊബൈൽ ഫോണും ഉദ്യോഗസ്ഥർ വീട്ടിൽ നിന്ന് കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ, “ജന്മദിനം” ആഘോഷിച്ച ശേഷം പാമ്പിനെ കാട്ടിലേക്ക് വിട്ടതായി യുവാവ് സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്‌ത് ഷിർപൂർ കോടതിയിൽ ഹാജരാക്കി. പ്രതിയെ രണ്ട് ദിവസത്തെ ഫോറസ്റ്റ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടതായി ഗിർവാലെ പറഞ്ഞു.
















