രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനം ആഗസ്റ്റ് 19, 20, 21 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്നു. സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം-കേരള ആതിഥ്യം വഹിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കും. അരനൂറ്റാണ്ടു കാലം ദേശീയവും സാര്‍വ്വദേശീയവുമായ പ്രധാനപ്പെട്ട സംഭവങ്ങളില്‍ ദൃക്സാക്ഷികളായവരും മാധ്യമരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ചവരും പ്രമാദമായ അഴിമതികള്‍ പുറത്തുകൊണ്ടുവന്നവരും മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയവരും കേസുകളില്‍ ഉള്‍പ്പെട്ടവരുമായ നിരവധി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സമ്മേളന പ്രതിനധികളായി എത്തുന്നുണ്ട്. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ആഗസ്റ്റ് 20ന് വൈകുന്നേരം 4 മണിക്കു സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രതിനിധികള്‍ക്കുള്ള താമസവും ഭക്ഷണവും സ്വാഗതസംഘം ഏര്‍പ്പെടുത്തി കഴിഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് മാധ്യമസെമിനാര്‍, ഇന്റനാഷണല്‍ ഫോട്ടോപ്രദര്‍ശനം, ഐക്യദാര്‍ഡ്യ സമ്മേളനം തുടങ്ങി വിവിധപരിപാടികളും ഒരുക്കുന്നുണ്ട്. കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഫോട്ടോ എക്‌സിബിഷന്‍ ഗാസയില്‍ ജീവാര്‍പ്പണം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സ്മരണാഞ്ജലിയാണ്. ദേശീയസമ്മേളനം മുതിര്‍ന്നമാധ്യമപ്രവര്‍ത്തകരുടെ ഗുരുതരമായ പ്രശ്‌നങ്ങളെ സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടത്തും. ദേശീയ തലത്തിലുള്ള ഒരു പെന്‍ഷന്‍ പദ്ധതി, മെച്ചപ്പെട്ട ആരോഗ്യരക്ഷാപദ്ധതി, ഇന്‍ഷൂറന്‍സ് സൗകര്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേശീയതലത്തില്‍ പ്രചാരണപ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം കൊടുക്കുന്നതാണ്.
നിലവില്‍ ഏതാനും സംസ്ഥാനങ്ങളില്‍ വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നുണ്ടെങ്കിലും കേരളവും ഗോവയും ഒഴിച്ച് ഒരിടത്തും മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ലഭ്യമാകുന്നില്ല. മിക്ക സംസ്ഥാനങ്ങളിലും അക്രഡിറ്റേഷനുള്ള റിപ്പോര്‍ട്ടര്‍മാര്‍ക്കു മാത്രമാണ് പെന്‍ഷന്‍ കിട്ടുന്നത്. അതില്‍ തന്നെയും ഒരു ഏകീകൃത സ്വഭാവവുമില്ല. നിലവില്‍ 2,500 രൂപ മുതല്‍ 20,000 രൂപ വരെ വിവിധ സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. വിവിധ സംസ്ഥാന പെന്‍ഷന്‍ സംവിധാനങ്ങള്‍ തമ്മില്‍ വലിയ വിത്യാസങ്ങളുണ്ട്. അതിനാല്‍ എല്ലാ സംസ്ഥാനങ്ങളിലും അര്‍ഹതപ്പെട്ട എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും ഏറ്റവും ചുരുങ്ങിയത് 20,000 രൂപ പെന്‍ഷനായി നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെടും.
ആരോഗ്യരക്ഷാ രംഗത്ത് കേരള സംസ്ഥാന ഗവണ്‍മെന്റിന്റെ മെഡിസെപ്പ് പോലുള്ള പദ്ധതികളില്‍ സംസ്ഥാന തലത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണം. ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സി.ജി.എച്ച്.എസ് പദ്ധതി ആനുകൂല്യം അര്‍ഹതപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കണം. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വെട്ടിക്കുറച്ച ട്രെയിന്‍ യാത്രാ ആനുകൂല്യം പുനസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെടും.
CONTENT HIGH LIGHTS; Senior journalists want pension at the national level: First national conference of senior journalists to be held in Thiruvananthapuram on 19th, 20th and 21st
















