തിരുവനന്തപുരം: കത്ത് ചോര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞ് മാറി മന്ത്രി എം ബി രാജേഷ്. 4 കൊല്ലമായി വാട്സ്ആപ്പിൽ കറങ്ങുന്ന കത്താണ് ഇപ്പോൾ വിവാദമാക്കുന്നത്, ആളുകളെ അപമാനിക്കാന്‍ പലതും വിളിച്ചുപറയുകയാണെന്നും മന്ത്രി പറഞ്ഞു.
രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായെന്നും തലക്കെട്ട് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മാധ്യമങ്ങൾ ഇമ്മാതിരി തോന്നിവാസങ്ങൾ വാർത്തയാക്കി ആഘോഷിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്റെ ഭാര്യ ആയിരുന്നു ടാർഗറ്റ്. പിന്നീട് എന്റെ അളിയൻ ആയി. വാളയാർ കേസിലെ കൊലയാളികളെ രക്ഷിച്ചുവെന്ന് വരെ എന്നെ കുറിച്ച് പറഞ്ഞു. വാളയാറിൽ സത്യം പുറത്ത് വന്നപ്പോൾ നിങ്ങൾ ഒരാളെങ്കിലും വാർത്ത കൊടുത്തോ എന്നും രാജേഷ് ചോദിച്ചു. ആളുകളെ അപമാനിക്കാൻ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ എല്ലാം വാർത്തയാക്കുമെന്നും മന്ത്രി കുറ്റപ്പെടുത്തി.
സിപിഎമ്മിന് തലവേദനയായി കത്ത് വിവാദം
സിപിഎം പാർട്ടി നേതാക്കൾ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നൽകിയ പരാതിയാണ് ചോർന്നത്. കത്ത് ചോർച്ചക്ക് പിന്നിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്താണെന്ന് കാണിച്ച് മാഹിയിലെ വ്യവസായി മുഹമ്മദ് ഷെർഷാദ് ജനറൽ സെക്രട്ടറി എംഎം ബേബിയ്ക്ക് കത്ത് നൽകി. മധുര പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായ രാജേഷ് കൃഷ്ണയെ പുറത്താക്കിയത് ഷെർഷാദിന്‍റെ പരാതിയിലായിരുന്നു.
നേതാക്കൾക്കെതിരായ അതിഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ പിബിക്ക് ലഭിച്ച പരാതിയാണ് ചോര്‍ന്നത്. പരാതി ചോർന്നതിലും അടിമുടി ദുരൂഹത നിലനിൽക്കുന്നുണ്ട്. പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരായ മാനനഷ്ടക്കേസിലെ തെളിവായി രാജേഷ് കൃഷ്ണ തന്നെയാണ് ഷെർഷാദിന്‍റെ പരാതി ദില്ലി ഹൈക്കോടതിയിൽ ഹാജരാക്കുന്നത്. രാജേഷ് കൃഷ്ണയും സംസ്ഥാനത്തെ പ്രമുഖരായ പാർട്ടിനേതാക്കളുമായി വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് പരാതിയുടെ ഉള്ളടക്കം.
















