കോഴിക്കോട്: വാനരൻമാരെന്നുവിളിച്ചത് തൃശ്ശൂലെ വോട്ടര്‍മാരെയാണ് എങ്കിൽ അതിന് അടുത്തതവണ വോട്ടര്‍മാര്‍ മറുപടി പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. വ്യാജ വോട്ടര്‍മാരെവെച്ച് ജയിച്ച എംപിയാണ് സുരേഷ് ഗോപി എന്നും അദ്ദേഹം പ്രതികരിച്ചു.
ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ വാനരന്മാരാക്കുന്നത് കേരളത്തിന് യോജിക്കുന്നതല്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയായല്ല സുരേഷ് ഗോപിയെ കാണുന്നത്. ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് സുരേഷ് ഗോപിയാണ്. സഹോദരന്റെ ഇരട്ട വോട്ട് ക്രിമിനല്‍ കുറ്റമാണെന്നും കെ. മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനം ജെ.പി. നഡ്ഡയുടെയും അമിത് ഷായുടെയും മറുപടി പോലെയാണ്. അതൊരു രാഷ്ട്രീയ പ്രസംഗമായിരുന്നു. രാഹുല്‍ ഗാന്ധിയോട് മാപ്പ് ആവശ്യപ്പെടുന്ന കമ്മീഷന്‍ എന്തുകൊണ്ട് അനുരാഗ് ഠാക്കൂറിനോട് മാപ്പ് ആവശ്യപ്പെടുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു.
കേരളത്തിലെ സര്‍ക്കാരിന് വികസനവും കമ്മീഷനും എന്ന നയമാണ്. രാജേഷ് കൃഷണയ്ക്ക് എതിരായ ആരോപണങ്ങളില്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിക്കണം, അതില്‍ അന്വേഷണം വേണം. അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അച്യുതാനന്ദന്‍ ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ഇതിനെതിരെ കുരിശുയുദ്ധം നടത്തിയേനെയെന്നും കെ. മുരളീധരന്‍ പറഞ്ഞു. എം.പിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തീരുമാനം. നിലവില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ ജമാഅത്തെയുടെ വോട്ടുകള്‍ വേണോ എന്നത് ഇപ്പോള്‍ പറയേണ്ടതില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
















