കൊച്ചി: യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഹിരണ്‍ദാസ് മുരളിയുടെ (വേടൻ) മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ചെന്ന വാദം തെറ്റാണെന്നായിരുന്നു വേടന്‍ കോടതിയില്‍ പറഞ്ഞത്. വേടന് ജാമ്യം നല്‍കുന്നതിനെ കക്ഷിചേരാനെത്തിയ യുവഡോക്ടര്‍ എതിര്‍ത്തു.
ജാമ്യാപേക്ഷയില്‍ പരാതിക്കാരി കൂടി കക്ഷിചേര്‍ന്നതോടെ, വേടനെതിരേ കൂടുതല്‍രേഖകള്‍ ഹാജരാക്കാനും പരാതിക്കാരിക്ക് കോടതി സമയം അനുവദിച്ചു. തനിക്കെതിരേ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ല. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വാദം തെറ്റാണ് എന്ന് വേടൻ പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. അതിനാല്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇത്തരംകേസുകളിലെ സുപ്രീംകോടതിയുടെ മുന്‍ വിധിന്യായങ്ങളും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതേസമയം, പരാതിക്കാരിയുമായുള്ള ബന്ധമോ സാമ്പത്തിക ഇടപാടുകളോ വേടന്‍ നിഷേധിച്ചില്ല.
എന്നാല്‍, വേടന് ജാമ്യം നല്‍കുന്നതിനെ കക്ഷിചേരാനെത്തിയ യുവഡോക്ടര്‍ എതിര്‍ത്തു. താന്‍ മാത്രമല്ല പീഡനത്തിനിരയായത്. വേടനെതിരേ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി എത്തിയിട്ടുണ്ട്. നിരവധിപേരെ സ്വഭാവവൈകൃതത്തിലൂടെ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച രേഖകള്‍ കോടതിക്ക് മുന്നിലെത്തിയിട്ടില്ലെന്നായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്റെ പ്രതികരണം. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാനായി പരാതിക്കാരിക്ക് സമയം അനുവദിച്ചത്.
അതിനിടെ, വേടനെതിരേ രണ്ട് യുവതികള്‍ കൂടി ലൈംഗികാതിക്രമ പരാതികള്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇരുവരും പരാതി നല്‍കിയത്. ഒരാള്‍ 2020-ലും മറ്റൊരാള്‍ 2021-ലും വേടനില്‍നിന്ന് അതിക്രമം നേരിട്ടെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം, യുവഡോക്ടറുടെ പീഡനപരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ വേടനെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിരുന്നു.
















