തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് തോമസ് ഐസക്. രാജേഷ് കൃഷ്ണനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ച ഷെർഷാദ് മാപ്പുപറഞ്ഞ് ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.
ഇതങ്ങനെ വെറുതേവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഐസക് വ്യക്തമാക്കി. സിവില്‍, ക്രിമിനല്‍ കോടതി നടപടികള്‍ ഷെര്‍ഷാദിനെതിരേ സ്വീകരിക്കും. ആരോപണം ഉന്നയിക്കുന്നയാളുടെ പശ്ചാത്തലംകൂടി അന്വേഷിക്കുന്നത് നന്നായിരിക്കും. ഈ മാന്യനെക്കുറിച്ച് മൂന്ന് കോടതി വിധികളുണ്ട്. അതിലെന്താണ് പറയുന്നതെന്ന് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണണം. വിവാദ കത്ത് ചോര്‍ന്നു കിട്ടിയെന്ന് പറഞ്ഞുനടക്കുന്നു. ഈ ആരോപണം ഉന്നയിച്ചയാള്‍ത്തന്നെ മാസങ്ങള്‍ക്ക് മുന്‍പ് ഫെയ്‌സ്ബുക്കിലിട്ട കാര്യമാണിത്. അതു പിന്നെങ്ങനെയാണ് ചോരുക? പൊതുമധ്യത്തിലേക്ക് ആരോപണം ഉന്നയിച്ചയാള്‍തന്നെ അത് ഫെയ്‌സ്ബുക്കിലിട്ട്, അങ്ങനെ ലഭ്യമായ സാധനം ഇത്രയും മാസം കഴിഞ്ഞിട്ട് ഇന്നെടുത്ത് വിവാദമാക്കി, അക്കാര്യത്തില്‍ തന്റെ അഭിപ്രായമൊക്കെ ചോദിച്ചുവരണമെങ്കില്‍ ഒരു വലിയ ചിന്ത അതിന്റെ പിറകിലുണ്ടെന്നും ഐസക്ക് പറഞ്ഞു.
ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. വെറുതേവിടുന്ന പ്രശ്‌നമില്ല. രാജേഷ് കൃഷ്ണയെ അറിയുമോ എന്ന ചോദ്യത്തിന് ‘അതെ’ എന്ന് ഐസക് മറുപടി നല്‍കി. വീട് ജപ്തി ചെയ്യാനായെന്നു പറഞ്ഞ് ആരുവന്നാലും സഹായിക്കാറാണ് പതിവ്.
ആര് സഹായമഭ്യര്‍ഥിച്ചു വന്നാലും സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.യു.കെ വ്യവസായിയും സിപിഎം അംഗവുമായ രാജേഷ് കൃഷ്ണയ്‌ക്കെതിരായി ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പിബിയ്ക്ക് നല്‍കിയ കത്ത് പുറത്തുവന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കത്തില്‍ പരാമര്‍ശിക്കുന്ന എംബി രാജേഷ്, തോമസ് ഐസക്ക്, പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ ബിനാമിയാണ് രാജേഷ് കൃഷ്ണയെന്ന് ആരോപിച്ചിരുന്നു.
















