ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാലയുടെയും ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സര്‍മാരെ കണ്ടെത്തുന്നതിനാള്ള സെര്‍ച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി ജസ്റ്റിസ് സുധാൻശു ധൂലിയയെ സുപ്രീംകോടതി നിയമിച്ചു.
കമ്മിറ്റിയിലെ മറ്റ് നാലംഗങ്ങളെ ജസ്റ്റിസ് സുധാൻശു ധൂലിയയ്ക്ക് തിരഞ്ഞെടുക്കാം. സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസിയുടെ പ്രതിനിധി ഉണ്ടാകില്ല.പശ്ചിമ ബംഗാളിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലർമാരെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍മാനായി വിരമിച്ച മുന്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെ സുപ്രീം കോടതി നേരത്തെ നിയമിച്ചിരുന്നു. സമാനമായ രീതിയില്‍ ഡിജിറ്റല്‍ സര്‍വകലാശാലയിലെയും സാങ്കേതിക സര്‍വകലാശാലയിലെ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന കമ്മിറ്റി ഉണ്ടാകുമെന്നായിരുന്നു കേരളത്തിന്റെ വാദം.
ഈ വാദം കണക്കിലെടുത്താണ് സുപ്രീംകോടതിയില്‍നിന്ന് സമീപകാലത്ത് വിരമിച്ച ജസ്റ്റ് സുധാൻശു ധൂലിയയെ ചെയര്‍മാനായി നിയമിച്ച് ജസ്റ്റിസ് ജെ.ബി. പര്‍ഡിവാല അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്. സെര്‍ച്ച് കമ്മിറ്റിയിലേക്ക് നിയമിക്കാന്‍ പരിഗണിക്കേണ്ടവരുടെ പട്ടിക കേരളവും ഗവര്‍ണറും സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. ഈ പട്ടികയില്‍നിന്ന് നാല് അംഗങ്ങളെ ജസ്റ്റിസ് ദുലിയക്ക് തിരഞ്ഞെടുക്കാം. രണ്ട് അംഗങ്ങൾ സംസ്ഥാന സര്‍ക്കാർ നൽകിയ പട്ടികയിൽനിന്നും രണ്ടംഗങ്ങള്‍ ഗവര്‍ണര്‍ നല്‍കിയ പട്ടികയില്‍നിന്നും ആയിരിക്കണം. നേരത്തെ യുജിസിയുടെ ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് കോടതി പറഞ്ഞിരുന്നെങ്കിലും പുതിയ ഉത്തരവില്‍ അതില്ല. ഫലത്തില്‍ ലഭിക്കാവുന്ന മുന്‍കൈ അതോടെ നഷ്ടമായി.
















