രാജ്യത്തിന്റെ വ്യവസായിക തലസ്ഥാനമായ മുംബൈയിൽ ശക്തമായ മഴ തുടരുന്നു. ശക്തമായ മഴയിൽ നഗരത്തിലെങ്ങും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വരും മണിക്കൂറിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നഗരത്തിലും മുംബൈ സബർബൻ ജില്ലയിലും കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. റെയിൽവേ ട്രാക്കിലടക്കം വെള്ളം കയറിയതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ലോക്കൽ ട്രെയിനുകളും സർവ്വീസുകൾ ഭാഗികമായി നിർത്തിവെച്ചിരിക്കുകയാണ്.
വിഖ്‌റോളി, ഘട്‌കോപർ, ബന്ദുപ്, ആരയ്, മലാഡ്, ഗൊരെഗാവ് തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. വിഖ്‌റോളിയിൽ വെള്ളി രാത്രി 11നും ശനിയാഴ്ച പുലർച്ചെ അഞ്ചിനും ഇടയിൽ 257.5 എംഎം മഴ പെയ്‌തെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. കനത്ത മഴയിൽ വിഖ്‌റോളിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കഴിഞ്ഞ ദിവസം രണ്ട് പേർ മരണപ്പെട്ടിരുന്നു.
പുലർച്ചെ 2.39 ഓടെ ഉണ്ടായ മണ്ണിടിച്ചലിൽ രണ്ടുപേർക്ക് പരിക്കുമേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തുള്ളവരെ മറ്റൊരു സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഗാന്ധിനഗർ, കിങ്സ് സർക്കിൾ, സിയോൺ റെയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. വരും ദിവസങ്ങളിലും നഗരത്തിൽ മഴ ശക്തമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
















