ഫാസ്റ്റ് ഫുഡിലൂടെ ഭക്ഷ്യ വിഷബാധ പിടിപെടുന്നത് നിത്യ സംഭവമാണ്. എന്നാലിത് ഫാസ്റ്റ് ഫുഡിന്റെ പ്രശ്നമല്ല, അവ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാത്തതിന്റെ പ്രശ്നമാണ്.ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പലപ്പോഴും വസസ്പതി ഉപയോഗിക്കാറുണ്ട്്. വനസ്പതി യഥാർഥത്തിൽ സസ്യഎണ്ണയാണ്. കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ അതിനെ ഖരാവസ്ഥയിലേക്കു മാറ്റുന്നതാണ്. ഇതിൽ അടങ്ങിയ കൊഴുപ്പ് ട്രാൻസ് ഫാറ്റ് എന്നറിയപ്പെടുന്നു. അതു ശരീരത്തിെൻറ പ്രതിരോധശക്തി നശിപ്പിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്കുളള സാധ്യത കൂട്ടുന്നു. അതുപോലെതന്നെ വെളിച്ചെണ്ണയിലെ സാച്ചുറേറ്റഡ് ഫാറ്റും അപകടകാരിയാണ്. ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയാകുന്പോൾ പ്രശ്നം സങ്കീർണമാകും.
എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. പലപ്പോഴും അത് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും. എണ്ണ പോയിക്കഴിഞ്ഞാൽ അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണ് കാൻസറിനിടയാക്കുന്നതായി ഗവേഷകർ.
ഭക്ഷണം തയാറാക്കുന്നതു മുതൽ തീൻമേശയിലെത്തുന്നതു വരെയുളള ഏതു ഘട്ടത്തിലും കണ്ടാമിനേഷൻ സാധ്യത(ആരോഗ്യത്തിനു ദോഷകരമായ പദാർഥങ്ങൾ; സൂക്ഷ്മാണുക്കൾ, മാലിന്യങ്ങൾ… കലരാനുളള സാധ്യത) ഏറെയാണ്. പലപ്പോഴും, ഷവർമ പോലെയുളള ജനപ്രിയ ഫാസ്റ്റ് ഫുഡ് ഇനങ്ങളിൽ.
അതിലുപയോഗിക്കുന്ന മയണൈസ് (എണ്ണയും മുട്ടയും കൂടി മിക്സ്് ചെയ്തത്) ചിലപ്പോൾ അപകടകാരിയാകുന്നു. ഒരു മുട്ട കേടാണെങ്കിൽ അതിൽനിന്നു വരുന്ന സാൽമൊണല്ല എന്ന ബാക്ടീരിയ അസുഖങ്ങളുണ്ടാക്കാം. ഇതു തയാറാക്കാൻ ഉപയോഗിക്കുന്ന ചിക്കൻ കേടാകാനുളള സാധ്യതകൾ പലതാണ്.
വേവിച്ച ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതിയാണു പലപ്പോഴും കണ്ടുവരുന്നത്. താപനിലയിൽ വ്യത്യാസം വന്നാൽ ഫ്രിഡ്ജിലിരുന്നുതന്നെ കേടാകാം. അല്ലെങ്കിൽ പാകം ചെയ്തപ്പോൾ വേണ്ടവിധം വേവാത്ത ചിക്കൻ ഭാഗങ്ങൾ വഴിയും കണ്ടാമിനേഷൻ വരാം.
ഭക്ഷണം തയാറാക്കുകയും വിളന്പുകയും ചെയ്യുന്നവരുടെ വ്യക്തിശുചിത്വം പരമപ്രധാനം. യഥാർഥത്തിൽ ഏറ്റവും വൃത്തിക്കുറവുള്ള അടുക്കള ഉപകരണം എന്നു പറയാവുന്നതു മനുഷ്യന്റെ കൈ തന്നെയാണ്. തീൻമേശയും മറ്റും തുടയ്ക്കാൻ ഉപയോഗിച്ച വേസ്റ്റ് തുണി എടുത്ത കൈ കൊണ്ടുതന്നെ വീണ്ടും ഭക്ഷ്യവിഭവങ്ങൾ എടുത്തു വിളന്പുന്ന രീതി പലപ്പോഴും കാണാറുണ്ട്.(വേസ്റ്റ് തുടയ്ക്കാനുപയോഗിക്കുന്ന തുണി തന്നെ പലപ്പോഴും വൃത്തിഹീനമാണ്) അങ്ങനെ ചെയ്യുന്നതു വഴിയും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ കണ്ടാമിനേഷൻ
സംഭവിക്കാം.
ഇനി ബർഗറിന്റെ കാര്യം. അതിനകത്തു വച്ചിരിക്കുന്ന പച്ചക്കറികളും മസാലക്കൂട്ടും ചേർന്ന സ്റ്റഫിംഗ് കേടാകാൻ സാധ്യതയുണ്ട്്. തയാറാക്കി പെട്ടെന്നു കഴിക്കേണ്ട ഭക്ഷണമാണ് ഫാസ്റ്റ് ഫുഡ്. ബർഗറും മറ്റും തയാറാക്കി ഒന്നുരണ്ടു മണിക്കൂർ ഫ്രിഡ്ജിനു പുറത്തിരുന്നാൽ ചീത്തയാകാൻ സാധ്യത കൂടുതലാണ്. പഴകിയ ബർഗർ കഴിക്കരുത്. അതിനുളളിൽ വയ്ക്കുന്ന ഉളളി പെട്ടെന്നു കേടാകാനിടയുണ്ട്. ഇനി പഫ്സിന്റെ കാര്യമെടുക്കാം. അതിനകത്തു നിറച്ചിരിക്കുന്ന മസാലക്കൂട്ട്് പെട്ടെന്നു ചീത്തയാകാൻ സാധ്യതയുണ്ട്. അതിനകത്തു വയ്ക്കുന്ന ഉളളി, പച്ചക്കറികൾ എന്നിവയും വേഗം കേടാകുന്നു
















