വാഹന പ്രേമികളെ ആവേശത്തിലാക്കി ഡയമണ്ട്‌ഹെഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്‍റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് ഒല. സയൻസ് ഫിക്ഷൻ സിനിമകളിൽ കാണുന്നതുപോലെ ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് കമ്പനി ഇതിന് നല്‍കിയിരിക്കുന്നത്. കൂടാതെ പ്രകടനത്തിൽ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തു. വെറും 2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സങ്കൽപ് 2025 പരിപാടിയിലാണ് ഫ്യൂച്ചറിസ്‌റ്റിക് ഡിസൈനോടുകൂടിയ ഡയമണ്ട്ഹെഡ് ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ഒല പ്രദർശിപ്പിച്ചത്. ഡയമണ്ട്ഹെഡിൻ്റെ ഉൽപാദനം 2027 ൽ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. പ്രകടനം മെച്ചപ്പെടുത്താനും ഭാരം കുറയ്ക്കാനുമായി സ്‌പേസ്-ഗ്രേഡ് അലുമിനിയം, കാര്‍ബണ്‍ ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ ഭാരം കുറഞ്ഞ വസ്‌തുക്കള്‍ ഉപയോഗിച്ചാണ് ഡയമണ്ട്‌ഹെഡിന്‍റെ നിര്‍മ്മാണം.
ഒല ഡയമണ്ട്ഹെഡിനെ മറ്റ് ഇലക്‌ട്രിക് മോട്ടോര്‍ സൈക്കിളുകളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത് അതിന്‍റെ അത്യാധുനികമായ ഡിസൈന്‍ കൂടിയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഡയമണ്ട് ആകൃതിയാണ് മുന്‍ഭാഗത്തിന് നല്‍കിയിരിക്കുന്നത്. ഹെഡ് ലൈറ്റിന്‍റെ സ്ഥാനത്ത് നേര്‍ത്ത എല്‍ഇഡി ലൈറ്റ് സ്ട്രിപ്പാണ് ഇടം പിടിച്ചിരിക്കുന്നത്. ഷാർപ്പായ പിൻഭാഗം എന്നിങ്ങനെയാണ് ഇതിന്‍റെ ഡിസൈനിലെ ആകര്‍ഷണീയത.
ആക്‌ടീവ് എയറോഡൈനാമിക്‌സ്, അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ മോട്ടോര്‍സൈക്കിളുകളില്‍ കുറച്ചുകാലമായി ലഭ്യമാണെങ്കിലും ഡയമണ്ട്‌ഹെഡ് ‘ആക്‌ടീവ് എര്‍ഗണോമിക്‌സ്’ കൂടി അവതരിപ്പിക്കും. യാത്രയ്ക്കിടെ ഹാന്‍ഡില്‍ബാറോ ഫുട്ട് പെഗുകളോ ഉപയോഗിച്ചുകൊണ്ട് ബൈക്കിൻ്റെ നിയന്ത്രണം നിലനിര്‍ത്താന്‍ റൈഡറെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍.
കൂടാതെ ട്രാക്ഷൻ കൺട്രോൾ, ADAS, AI ഇൻ്റഗ്രേഷൻ പോലുള്ള സുരക്ഷാ സവിശേഷതകളും ഇതിൽ ഉണ്ടാകും. ഇതിനുപുറമേ സ്‌മാർട്ട് ‘AR’ ഹെൽമറ്റും സ്‌മാർട്ട് വെയറബിള്‍സും ചേർത്ത് ഒരു സംയോജിത ഇക്കോസിസ്‌റ്റം സൃഷ്‌ടിക്കുന്നതിലൂടെ യാത്രാനുഭവം മെച്ചപ്പെടുത്തുവാൻ കഴിയുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
ഒപ്പം വരാനിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത് ഒലയുടെ ഭാരത് സെൽ 4680 ബാറ്ററിയായിരിക്കും. മെച്ചപ്പെട്ട പവർ, റേഞ്ച്, പ്രകടനം എന്നിവയ്ക്കായി ബാറ്ററി മെച്ചപ്പെടുത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.
രണ്ട് വർഷം മുൻപേ ഒല ഇലക്ട്രിക് ഡയമണ്ട്ഹെഡ് എന്ന ആശയം അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇത് നിരവധി സവിശേഷതകളോടും ആധുനിക സാങ്കേതികവിദ്യയോടും കൂടി നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുമ്പോൾ ADAS ഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ മോട്ടോർസൈക്കിളായിരിക്കും ഡയമണ്ട്ഹെഡ് എന്ന് കമ്പനി അവകാശപ്പെടുന്നു. 2027 ഓടെ വാഹനത്തിൻ്റെ ഉൽപാദനം ആരംഭിക്കുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
ഡയമണ്ട്ഹെഡിന് 5 ലക്ഷം രൂപയിൽ താഴെയാവും (എക്സ്-ഷോറൂം) വില നിശ്ചയിക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോഞ്ച് സമയത്താവും യഥാർഥ വില കമ്പനി വെളിപ്പെടുത്തുക.
















