അലാസ്ക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. സംഘർഷത്തിന് സമാധാപരമായ പരിഹാരം ഉണ്ടാകണമെന്ന് മോദി ആവശ്യപ്പെട്ടു. വരാനിരിക്കുന്ന സെലൻസ്കി- ട്രംപ് കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് ഫോൺ സംഭാഷണം. പുടിനു എല്ലാ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്തു. കഴിഞ്ഞദിവസം അലാസ്‍കയിൽവച്ച് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ യുക്രയ്ന്‍ വിഷയത്തില്‍ അന്തിമ ധാരണയില്‍ എത്തിയിരുന്നില്ല. സമാധാന കരാർ യാഥാർഥ്യമാക്കേണ്ടത് സെലൻസ്കിയുടെ ഉത്തരവാദിത്വമാണെന്നാണ് ട്രംപ് പ്രതികരിച്ചത്.
ഡൊണെട്സ്ക് വിട്ടുകിട്ടണമെന്ന പുടിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും സെലൻസ്കി പ്രതികരിച്ചു. പുടിനുമായുള്ള ചർച്ചയ്ക്കുശേഷം അദ്ദേഹം മുന്നോട്ടുവച്ച ആവശ്യങ്ങൾ ട്രംപ് സെലൻസ്കിയെ അറിയിച്ചിരുന്നു. സമാധാനത്തിനായി യുക്രെയ്ൻ വിട്ടുവീഴ്ചകൾ ചെയ്യണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. എന്നാൽ സെലെൻസ്കിക്ക് അത് എളുപ്പം അംഗീകരിക്കാൻ സാധിക്കില്ല. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ താൽപ്പര്യപ്പെടുന്നുണ്ടെന്ന് ട്രംപിനെയും ലോകത്തെയും ബോധ്യപ്പെടുത്തുക എന്നതാണ് ഒരു വഴി. എന്നാൽ, റഷ്യ പിടിച്ചെടുത്തെന്നു കരുതി ഒരു തുണ്ട് ഭൂമി പോലും വിട്ടുകൊടുക്കാൻ തയാറല്ലെന്നും രാജ്യാന്തര നിയമങ്ങളെ മാനിച്ചുകൊണ്ടുള്ള ഒരു സമാധാന ഉടമ്പടി മാത്രമാണ് ആഗ്രഹിക്കുന്നതെന്നും സെലെൻസ്കി ഉറപ്പിച്ചു പറഞ്ഞേക്കും.
STORY HIGHLIGHT : Russia’s Putin briefs PM Modi on Trump talks in Alaska
















