വാഷിംഗ്ടൺ: വെടിനിർത്തൽ പ്രഖ്യാപനങ്ങളില്ലാതെ ട്രംപ് -സെലൻസ്കി കൂടിക്കാഴ്ച. വൈറ്റ് ഹൗസിൽ നടന്ന യുക്രെയിൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് വൻ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചത്. അതേസമയം, യുക്രെയ്ന് ഭാവിയിൽ സുരക്ഷ ഉറപ്പ് നൽകാൻ വൈറ്റ്ഹൌസിൽ നടന്ന കൂടിക്കാഴ്ചയിൽ ധാരണയായി. അമേരിക്ക-റഷ്യ -യുക്രെയ്ൻ ത്രികക്ഷി യോഗം നടത്താനും തീരുമാനമായി. യൂറോപ്യൻ രാജങ്ങളും അമേരിക്കയും ഇതിൽ പങ്കുവഹിക്കും. ചർച്ചകൾക്കിടെ പുടിനുമായി 40 മിനിറ്റ് ട്രംപ് ഫോണിൽ സംസാരിച്ചു.
ഭൂമി വിട്ടുകൊടുക്കൽ അടക്കമുള്ള കാര്യങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സെലൻസ്കി -പുടിൻ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുമെന്നും, കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും ട്രംപ് അറിയിച്ചു. വെടിനിർത്തലല്ല ശാശ്വത സമാധാനമാണ് യുക്രെയ്ന് വേണ്ടതെന്നും സെലൻസ്കി വ്യക്തമാക്കി. ശേഷം, വെടിനിർത്തലടക്കം ചർച്ച ചെയ്യുന്നതിനായി അമേരിക്ക – റഷ്യ – യുക്രെയ്ൻ ത്രികക്ഷി സമ്മേളനം നടത്തും. വൈറ്റ് ഹൗസിൽ യൂ റോപ്പ്യൻ നേതാക്കളൊടൊപ്പമുള്ള ട്രംപ് കൂടികാഴ്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, റഷ്യയെ സമ്മർദത്തിലാക്കാൻ ആദ്യം വേണ്ടത് വെടിനിർത്തലാണെന്ന് വൈറ്റ് ഹൗസ് യോഗത്തിൽ ജർമനിയും ഫ്രാൻസും ആവശ്യപ്പെട്ടു.
ചർച്ചകൾ ഫലപ്രദമായാണ് അവസാനിച്ചതെന്ന് ട്രംപ് അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് സെലൻസ്കി നന്ദി അറിയിക്കുകയും ചെയ്തു. നേതാക്കളുടെ കൂടിക്കാഴ്ച സമാധാനത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്ന് യൂറോപ്യൻ നേതാക്കൾ അഭിപ്രായപ്പെട്ടു.
















