ലോകോത്തര ടെക് ഭീമനായ ആപ്പിൾ, ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിൽ 10 വർഷത്തേക്ക് ഒരു വലിയ ഓഫീസ് കെട്ടിടം പാട്ടത്തിനെടുത്തു.
ഏകദേശം 1010 കോടി രൂപയാണ് 10 വർഷത്തേക്ക് വാടകയായി നൽകുന്നത്. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എംബസി ഗ്രൂപ്പിന്റെ ബെംഗളൂരുവിലെ വസന്ത് നഗറിലുള്ള എംബസി സെനിത്ത് കെട്ടിടത്തിലെ 2.7 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓഫീസ് സ്ഥലമാണ് ആപ്പിൾ വാടകക്കെടുത്തത്.
ഈ കെട്ടിടത്തിലെ 5 മുതൽ 13 വരെയുള്ള നിലകളാണ് Apple-ന്റെ പുതിയ ഓഫീസിനായി ഉപയോഗിക്കുക. പ്രതിമാസം 6.31 കോടി രൂപയാണ് വാടക. ഓരോ വർഷവും വാടകയിൽ 4.5% വർധനവുണ്ടാകും. കരാർ പ്രകാരം 31.57 കോടി രൂപ ആപ്പിൾ സുരക്ഷാ നിക്ഷേപമായി നൽകിയിട്ടുണ്ട്. 1.5 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും നൽകി.
ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ആപ്പിൾ വലിയ നിക്ഷേപങ്ങളാണ് നടത്തുന്നത്. എഞ്ചിനീയറിംഗ്, ഓപ്പറേഷൻ ടീമുകൾ വിപുലീകരിക്കുന്നതിനൊപ്പം റീട്ടെയിൽ രംഗത്തും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
മുംബൈയിലും ഡൽഹിയിലുമായി രണ്ട് Apple സ്റ്റോറുകൾ തുറന്നതിന് ശേഷം, ബെംഗളൂരുവിലെ ഫോണിക്സ് മാൾ ഓഫ് ഏഷ്യയിൽ മൂന്നാമത്തെ സ്റ്റോർ തുറക്കാൻ ഒരുങ്ങുകയാണ്. ഇതിനു പുറമെ, മറ്റൊരു ഡെവലപ്പറിൽ നിന്ന് 10 വർഷത്തേക്ക് 8000 ചതുരശ്ര അടി ഓഫീസ് സ്ഥലവും കമ്പനി പാട്ടത്തിനെടുത്തിട്ടുണ്ട്, ഇതിനായി പ്രതിവർഷം 2.09 കോടി രൂപ വാടക നൽകും.
















