കോള്‍ ഫീച്ചറില്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഉപഭോക്താക്കൾക്കായി ഷെഡ്യൂള്‍ കോള്‍സ് ഫീച്ചര്‍ അവതരിപ്പിച്ചു.ഫോണ്‍ കോളുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് വെക്കാനാവുന്ന ഫീച്ചര്‍ ആണിത്.
വാട്‌സാപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ഈ ഫീച്ചര്‍ ഉപയോഗിക്കാനാവും. ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സൂം പോലുള്ള വീഡിയോ കോണ്‍ഫറന്‍സ് സേവനങ്ങളില്‍ സമാനമായ ഫീച്ചര്‍ ലഭ്യമാണ്.
മീറ്റിങുകള്‍ മുന്‍കൂര്‍ ഷെഡ്യൂള്‍ ചെയ്യാനും നിശ്ചിത സമയത്ത് അംഗങ്ങള്‍ക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനും ഇതുവഴി സാധിക്കും. ഇതേരീതി ഇനി വാട്‌സാപ്പിലും പ്രയോജനപ്പെടുത്താം. ഗ്രൂപ്പ് കോളുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനും വ്യക്തികളെ ക്ഷണിക്കാനും കഴിയും. കോള്‍ ആരംഭിക്കാന്‍ പോകുമ്പോള്‍ എല്ലാവര്‍ക്കും ഒരു അറിയിപ്പ് ലഭിക്കും.
കൂടാതെ കോളുകളില്‍ പുതുതായി ഇന്‍-കോള്‍ ഇന്ററാക്ഷന്‍ ടൂളുകള്‍ ലഭ്യമാണ്. ഇമോജികള്‍ ഉപയോഗിച്ച് സംസാരിക്കാനോ സന്ദേശങ്ങള്‍ കൈമാറുന്നതിനോ ഇതിലൂടെ സാധിക്കും. കോള്‍സ് ടാബില്‍ കോളില്‍ ആരൊക്കെയാണ് പങ്കെടുക്കുന്നത് എന്നിവ കാണിക്കുന്നു, കൂടാതെ ഇന്‍വൈറ്റ് ലിങ്കുകള്‍ പങ്കിടാന്‍ സാധിക്കും.
ലിങ്കിലൂടെ ആരെങ്കിലും പുതുതായി ജോയിന്‍ ചെയ്യുമ്പോള്‍ കോള്‍ ക്രിയേറ്റേഴ്‌സിന് അലേര്‍ട്ടുകളും ലഭിക്കും. എല്ലാ കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ സുരക്ഷിതമാണ്.
ഇത് കൂടാതെ വാട്‌സാപ്പ് കോളിനിടെ തനിക്ക് സംസാരിക്കാനുണ്ട് എന്ന് മറ്റുള്ളവരെ അറിയിക്കുന്നതിന് ‘ഹാന്‍ഡ് റെയ്‌സ്’ ചെയ്യാനും റിയാക്ഷനുകള്‍ പങ്കുവെക്കാനും ഉപഭോക്താവിന് സാധിക്കും.
ഘട്ടം ഘട്ടമായി ഇത് ആഗോള തലത്തിലുള്ള ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് മെറ്റ അറിയിച്ചു. വളരെ കാലമായി ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഫീച്ചര്‍ ആണിതെന്ന് കമ്പനി പറയുന്നു.
എങ്ങനെ ഷെഡ്യൂള്‍ ചെയ്യാം?
പുതിയ കോൾ ഫീച്ചർ കോൾ ടാബിൽ നിന്ന് ഉപയോഗിക്കാം, തുടർന്ന് ഉപയോക്താക്കൾക്ക് + ബട്ടൺ ക്ലിക്കുചെയ്‌ത് “ഷെഡ്യൂൾ കോൾ ഫീച്ചർ” തിരഞ്ഞെടുക്കേണ്ടതുണ്ട്. Schedule call ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഫോണ്‍ കോളിന്റെ ടോപ്പിക് എന്താണെന്ന് നല്‍കിയതിന് ശേഷം, ലഘു വിവരണവും നല്‍കാം. ശേഷം കോള്‍ ആരംഭിക്കുന്ന സമയവും അവസാനിക്കുന്ന സമയവും നല്‍കാം.
അവസാനിക്കുന്ന സമയം നല്‍കുന്നില്ലെങ്കില്‍ താഴെ കാണുന്ന Include end time എന്ന ടോഗിള്‍ ബട്ടന്‍ ഓഫ് ചെയ്യുക. ശേഷം കോള്‍ ടൈപ്പ് തിരഞ്ഞെടുക്കാം. ഇതില്‍ വീഡിയോ, വോയ്‌സ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ഇതിന് ശേഷം Next ബട്ടന്‍ ടാപ്പ് ചെയ്യുക. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നിന്ന് കോളില്‍ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കാം.
Next ബട്ടന്‍ തിരഞ്ഞെടുക്കുന്നതോടെ ഷെഡ്യൂള്‍ ചെയ്ത കോളിന്റെ ലിങ്ക് ഉള്‍പ്പെടുന്ന സന്ദേശം തിരഞ്ഞെടുത്ത എല്ലാ കോണ്‍ടാക്റ്റുകളിലേക്കും അയക്കപ്പെടും. ഷെഡ്യൂള്‍ ചെയ്ത സമയത്ത് ഫോണ്‍ കോള്‍ ആരംഭിച്ചതായ നോട്ടിഫിക്കേഷനും എല്ലാവര്‍ക്കും ലഭിക്കും. സന്ദേശത്തിലെ Join Call ബട്ടന്‍ ടാപ്പ് ചെയ്താല്‍ കോളില്‍ പങ്കെടുക്കാം.
ഇനി മുതൽ കോൾ ടാബിൽ നിന്ന് ആളുകൾക്ക് അവരുടെ വരാനിരിക്കുന്ന ഷെഡ്യൂൾ ചെയ്ത കോളുകൾ ട്രാക്ക് ചെയ്യാനും കഴിയും. കൂടാതെ, ഷെഡ്യൂൾ ചെയ്ത കോളുകൾ Google കലണ്ടറിലേക്ക് ചേർക്കുകയും സമന്വയിപ്പിക്കുകയും ചെയ്യാം.
















