ആളുകളെ പറ്റിക്കാൻ വേണ്ടി ഇന്ന് നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ‘വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് ഫ്രോഡ്’ എന്ന പേരിൽ അറിയപ്പെടുന്ന ഏറ്റവും പുതിയ തട്ടിപ്പ് ഇത്തരത്തിലുള്ള ഒന്നാണ്. വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് തട്ടിപ്പിൽ, ഒരു വീഡിയോ കോൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ സ്‍മാർട്ട്‌ഫോണിലേക്ക് പൂർണ്ണ ആക്‌സസ് ലഭിക്കും. ഇതുവഴി ഇരകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് നഷ്‍ടപ്പെടുകയും വാട്‌സ്ആപ്പ് വഴിയുള്ള ഒരു വീഡിയോ കോൾ വഴി ഐഡന്‍റിറ്റി മോഷണം നേരിടേണ്ടിവരികയും ചെയ്തേക്കാം. വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പിന്‍റെ ഈ പുതിയ രീതിയെക്കുറിച്ച് വൺകാർഡ് തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്താണ് വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് തട്ടിപ്പ് ?
ഓൺലൈൻ തട്ടിപ്പുകാർ ഉപയോക്താക്കളെ വാട്‌സ്ആപ്പ് വഴി അവരുടെ ഫോൺ സ്‌ക്രീനുകൾ പങ്കിടാൻ സമർത്ഥമായി വശീകരിക്കുന്നതാണ് ഈ തട്ടിപ്പ്. തട്ടിപ്പുകാർ ഇരകളെ വിളിച്ച് അവരുടെ ബാങ്ക് അക്കൗണ്ടിലെ ഒരു പ്രശ്‌നത്തെക്കുറിച്ചോ അല്ലെങ്കിൽ ഒരു റിവാർഡ് നേടിയതിനെക്കുറിച്ചോ പറയുകയും അക്കൗണ്ട് സ്ഥിരീകരണത്തിനായി അവരുടെ ഫോൺ സ്‌ക്രീൻ ഷെയർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. സ്‌ക്രീൻ ഷെയർ ചെയ്‌തു കഴിഞ്ഞാൽ, ബാങ്ക് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, ഒറ്റത്തവണ പാസ്‌വേഡുകൾ (ഒടിപികൾ) പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ അവർക്ക് തത്സമയം കാണാൻ കഴിയും. ഇതുവഴിയാണ് അവർ തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പില്‍ അകപ്പെടാതിരിക്കാന്‍!
സംശയാസ്‍പദമായ നമ്പറുകളിൽ നിന്നുള്ള വീഡിയോ കോളുകൾ ഒരിക്കലും സ്വീകരിക്കരുത്. കൂടാതെ നിങ്ങളുടെ ഫോണിന്‍റെ സ്‌ക്രീൻ ഒരിക്കലും അജ്ഞാതരുമായി ഷെയർ ചെയ്യരുത്. ദുർബലമായ സുരക്ഷയുള്ള ഏതെങ്കിലും സ്‍മാർട്ട്‌ഫോണുകൾ വഴി മൊബൈൽ ബാങ്കിംഗ്, യുപിഐ ആപ്പുകൾ അല്ലെങ്കിൽ ഇ-വാലറ്റുകൾ പോലുള്ള സാമ്പത്തിക ആപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
















