യുഎഇയിൽ സ്കൂളുകൾ തുറക്കാനിരിക്കെ പൊലീസ് മാർഗനിർദേശം പുറത്തിറക്കി. സ്കൂൾ തുറക്കുന്നതോടെ റോഡിൽ തിരക്ക് വർധിക്കാനിടയുള്ളതിനാൽ അൽപം നേരത്തെ തന്നെ ഇറങ്ങണമെന്ന് പൊലീസ് അറിയിച്ചു.
ഗതാഗത നിയമം പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് രക്ഷിതാക്കളോടും സ്കൂൾ ബസ് ഡ്രൈവർമാരോടും അഭ്യർത്ഥിച്ചു. ആദ്യ ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന തിരക്ക് മുന്നിൽ കണ്ടാണ് കുട്ടികളെ സ്കൂളിൾ വിടാനും തിരിച്ച് കൊണ്ട് വരാനും നേരത്തെ ഇറങ്ങണം എന്ന് പറഞ്ഞത്.
അതേസമയം സംയമനത്തോടെ കൈകാര്യം ചെയ്യേണ്ടതിനു പകരം തിരക്കു കൂട്ടി ഗതാഗത നിയമം തെറ്റിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
കുട്ടികളെ സ്കൂളിൽ നേരിട്ട് എത്തിക്കുന്ന ചില രക്ഷിതാക്കളും സ്വകാര്യ ഡ്രൈവർമാരും ഗതാഗത നിയമം പാലിക്കുന്നില്ലെന്നാണ് മുൻകാല അനുഭവമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
സ്കൂൾ പരിസരത്ത് വേഗം കുറച്ച് വാഹനമോടിക്കണമെന്നും സീബ്രാ ക്രോസിൽ കാൽ നട യാത്രക്കാർക്ക് മുൻഗണന നൽകണമെന്നും സ്കൂൾ ബസിന് അനുവദിച്ച പാർക്കിങിൽ നിർത്തിയ ശേഷമേ വിദ്യാർഥികളെ കയറ്റാനും ഇറക്കാനും പാടുള്ളൂ എന്നും പൊലീസ് പറഞ്ഞു.
















