ബിഹാറിലെ വോട്ടർപട്ടിക പുതുക്കുന്നതിലെ ക്രമക്കേടുകളെ ചൊല്ലി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള വിമർശനം ആവർത്തിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുമെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.ബിഹാറിലെ ഗയയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് മോഷണം ഭാരതാംബയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ അദ്ദേഹം, ഇത് പിടിക്കപ്പെട്ടശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുകയാണെന്നും പറഞ്ഞു.
‘തിരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിനായി എസ്‌ഐആർ എന്ന പേരിൽ വോട്ട് മോഷണത്തിന്റെ പുതിയ രൂപം കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഞങ്ങൾക്ക് കുറച്ച് സമയം കൂടി ലഭിച്ചാൽ എല്ലാ നിയമസഭാ, ലോക്‌സഭാ സീറ്റുകളിലും നിങ്ങൾ നടത്തിയ വോട്ട് മോഷണം ഞങ്ങൾ പിടികൂടി ജനങ്ങളുടെ മുന്നിൽ വയ്ക്കും. രാജ്യത്തെ ജനങ്ങൾ നിങ്ങളോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടും,’ അദ്ദേഹം പറഞ്ഞു. വോട്ടർ അധികാർ യാത്രയുടെ രണ്ടാം ദിവസത്തെ സമാപന റാലിയിൽ തേജസ്വി യാദവിൻ്റെ സാന്നിധ്യത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർക്കെതിരെയാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയുടെ വിമർശനം. ബിഹാറിലും ദില്ലിയിലും ഇന്ത്യാ മുന്നണി സർക്കാർ അധികാരത്തിൽ വരുന്ന ദിവസം വരുമെന്നും അന്ന് ഈ മൂന്ന് പേർക്കെതിരെയും ഞങ്ങൾ നടപടിയെടുക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തെളിയിക്കുന്ന സത്യവാങ്മൂലം ഏഴ് ദിവസത്തിനകം നൽകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ പരാമർശങ്ങൾ.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ‘വോട്ട് മോഷണം’ സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കും, ബിഹാറിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ച പ്രശ്നങ്ങൾക്കും ശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ അനുസരിച്ച് ആരോപണങ്ങൾക്ക് പിന്നിൽ തെളിവുകളുണ്ടെങ്കിൽ ഒപ്പിട്ട സത്യവാങ്മൂലം സമർപ്പിക്കാൻ രാഹുൽ ഗാന്ധിയോട് കുമാർ ആവശ്യപ്പെട്ടിരുന്നു.
രാഹുൽ ഗാന്ധിയുടെയും മറ്റ് പ്രതിപക്ഷ നേതാക്കളുടെയും ആരോപണങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ പലതവണ തള്ളിക്കളഞ്ഞിരുന്നു.
















