ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടി20 ടീമിന്‍റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ അജിത് അഗാര്‍ക്കറിന്‍റെ നേതൃത്വത്തില്‍ ടീം തെരഞ്ഞെടുപ്പിനായി യോഗം ചേരും. തുടര്‍ന്ന് ഉച്ച കഴിഞ്ഞ് അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ ടി20 നായകന്‍ സൂര്യകുമാര്‍ യാദവിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കാണും.
വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ പ്രഖ്യാപനവും ഇന്നുണ്ടാവും. വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും ചീഫ് സെലക്‌ടര്‍ നീതു ഡേവിഡും ഉച്ച കഴിഞ്ഞ് ബിസിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണും.
ഏഷ്യാ കപ്പിനുള്ള 15 അംഗപുരുഷ ടീമിനെയാണ് പ്രഖ്യാപിക്കുക. കഴിഞ്ഞ സീസണില്‍ ടി20യില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ച വെച്ച സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, യശസ്വി ജയ്സ്വാള്‍, എന്നിവര്‍ ബാറ്റിങ്ങ് നിരയില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ. സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ് എന്നിവരും ടീമില്‍ സ്ഥാനം പിടിച്ചേക്കും.
ടെസ്‌റ്റ് ക്യാപ്റ്റനായി മികച്ച പ്രകടനം കാഴ്‌ച വെച്ച ശുഭ്മാന്‍ ഗില്‍ ടീമിലുണ്ടാകുമോ എന്ന് ഉറപ്പില്ല. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിങ് എന്നിവരടങ്ങിയ ഫാസ്റ്റ് ബൗളിങ് സംഘവും ടീമിലിടം നേടിയേക്കും. അക്‌സർ പട്ടേല്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവര്‍ ടീമിലെത്തുമെന്ന പ്രതീക്ഷയിലാണ്.
രണ്ടാം വിക്കറ്റ് കീപ്പറെ പരിഗണിച്ചാല്‍ ധ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ്മ എന്നിവരിലാരെങ്കിലും ടീമിലെത്തിയേക്കും. വനിതാ ഏകദിന ലോകകപ്പ് മല്‍സരങ്ങള്‍ സെപ്റ്റംബര്‍ 30 ന് ആരംഭിക്കും. സ്‌മൃതി മന്ദാന, ഹര്‍മന്‍ പ്രീത് കൗര്‍, ജമീമാ റോഡ്രിഗ്യസ്, റിച്ചാ ഘോഷ്, പ്രതീകാ റാവല്‍, യസ്‌തിക ഭാട്യ എന്നിവര്‍ ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഏഷ്യാ കപ്പിനുള്ള സാധ്യതാ ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ/പ്രസിദ് കൃഷ്ണ, ഹാർദിക് പാണ്ഡ്യ, ജിതേഷ് ശർമ്മ/ധ്രുവ് ജുറൽ.
















