ഉയർന്ന കുന്നുകളും ഇടുങ്ങിയ താഴ്‍വരകളും ഉള്ള പ്രദേശമാണ് മേഘാലയ. മിക്ക സമയങ്ങളിലും മേഘാവൃതമായ ഇവിടം മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ്. മേഘങ്ങളുടെ ആലയം എന്നാണ് മേഘാലയയുടെ അർഥം. നിരവധി സഞ്ചാരികൾ ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനായി എത്താറുണ്ട്. അരുവികളും, പച്ചപുതച്ച സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു.
മേഘാലയയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര ആകര്‍ഷണങ്ങളില്‍ ഒന്നാണ് നോണ്‍ഗ്രിയാത് ഗ്രാമത്തിലെ ലിവിങ് റൂട്ട് ബ്രിജ്. മനുഷ്യനിർമിതമായ പ്രകൃതിദത്ത പാലങ്ങളാണ് ഇവ. മരങ്ങളുടെ വേരുകള്‍ ക്രമീകരിച്ച്, ഖാസി ഗോത്രക്കാര്‍ ഉണ്ടാക്കുന്നതാണിത്. മേഘാലയയില്‍ ഇത്തരം പാലങ്ങള്‍ ധാരാളമുണ്ട്. അവയുടെ കൃത്യമായ പ്രായം ആർക്കും അറിയില്ല, ചില പാലങ്ങൾക്കു നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. മേഘാലയയിലെ ഏറ്റവും പ്രശസ്തമായ റൂട്ട് ബ്രിജാണ് ചിറാപുഞ്ചിയിലെ “ഡബിൾ ഡെക്കർ” റൂട്ട് ബ്രിജ്. 150-ലധികം വർഷം പഴക്കമുള്ള ഈ മനുഷ്യനിർമിത പ്രകൃതി വിസ്മയം, ലംസോഫി വില്ലേജിൽ നിന്ന് ഏകദേശം 1,400 അടി താഴെയാണ് സ്ഥിതിചെയ്യുന്നത്.
കുത്തനെയുള്ള പടികൾ കയറി ഇരുമ്പ് തൂക്കുപാലം കടന്നു വേണം ഡബിൾ ഡെക്കർ പാലത്തിലെത്താൻ. ആരെയും വിസ്മയിപ്പിക്കുന്ന അതിമനോഹരമായ കാഴ്ചയാണിത്. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ ഒരു ഗ്രാമമാണ് നോണ്‍ഗ്രിയാത്. സൊഹ്‌റ താഴ്‌വരയാൽ ചുറ്റപ്പെട്ട ഒരു മഴക്കാടിന്റെ ഹൃദയഭാഗത്താണ് ഈ പുരാതനഗ്രാമം സ്ഥിതിചെയ്യുന്നത്. ഇടതൂര്‍ന്ന വനങ്ങളും മലകളും താഴ്‍വരകളും വെള്ളച്ചാട്ടങ്ങളും നീലത്തടാകങ്ങളുമെല്ലാമായി അതിമനോഹരമാണ് ഇവിടം. ഷില്ലോങിൽ നിന്നും ടിര്‍ന ഗ്രാമത്തിലേക്ക് ഒന്നര മണിക്കൂര്‍ ഡ്രൈവ് ഉണ്ട്.
അതിനപ്പുറത്തുള്ള അവസാന പോയിന്റ് കാൽനടയായി മാത്രമേ എത്തിച്ചേരാനാകൂ. നോൺഗ്രിയാത് ഗ്രാമത്തിലേക്കുള്ള അഞ്ച് കിലോമീറ്റർ കാൽനടയാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഗ്രാമത്തിലെത്തിയാല്‍ കാണേണ്ട ആദ്യകാഴ്ച ലിവിങ് റൂട്ട് ബ്രിജസ് തന്നെയാണ്. കാ ഡയങ്‌രി ഫൈക്കസ് ഇലാസ്റ്റിക്ക (Ka diengjri Ficus Elastica) എന്ന് പേരുള്ള റബ്ബര്‍ മരത്തിന്‍റെ വേരുകള്‍ കൊണ്ടു ഖാസി ജനത നെയ്തെടുത്ത ഒട്ടേറെ പാലങ്ങള്‍ ഇവിടെ കാണാം. കേരളത്തിൽ കൃഷി ചെയ്യുന്ന റബർ മരങ്ങളല്ല, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാൾ, ചൈന എന്നിവിടങ്ങളിലും കൂടുതലായി കാണപ്പെടുന്ന വൻമരങ്ങളാണിവ.
നൂറ്റാണ്ടുകളായി അവര്‍ ഇത്തരം പാലങ്ങള്‍ നിര്‍മ്മിക്കുന്നു. ഒരിക്കല്‍ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ വര്‍ഷങ്ങള്‍ കടന്നു പോകെ കുരുക്കുകള്‍ മുറുകി അവ കൂടുതല്‍ ബലപ്പെടുന്നു. ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ചയാണ് റെയിൻബോ വെള്ളച്ചാട്ടം. ഡബിൾ ഡെക്കർ റൂട്ട് ബ്രിജിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്, ട്രെക്കിങ് വഴി മാത്രമേ എത്തിച്ചേരാനാകൂ. മേഘാലയയിലെ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് വനത്തിനുള്ളിൽ ഒറ്റപ്പെട്ടുകിടക്കുന്ന റെയിന്‍ബോ ഫാള്‍സ്. ഇവിടെ വെള്ളച്ചാട്ടത്തിൽ സൂര്യരശ്മികൾ വീഴുമ്പോഴെല്ലാം ഒരു ചെറിയ മഴവില്ല് കാണാം എന്നതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് ആ പേര് ലഭിച്ചത്. നീലനിറത്തിലുള്ള മനോഹരമായ തടാകത്തിലേക്കാണു ജലം പതിക്കുന്നത്. റെയിൻബോ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം വേനൽക്കാലമാണ്. ഈ സമയത്ത് വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് അല്പം കുറവാണെങ്കിലും മഴക്കാലത്തെപ്പോലെ അപകട സാധ്യതയില്ല.
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ നോഹ്കലികായ് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ്ങിനും ഇവിടെ നിന്നും പോകാവുന്നതാണ്. ഒക്‌ടോബർ മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് നോൺഗ്രിയാത് ഗ്രാമം സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം. സുഖകരമായ കാലാവസ്ഥയും കുറഞ്ഞ മഴയും ട്രെക്കിങ്ങിനും ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്കും ഏറെ അനുയോജ്യമാണ്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മഴക്കാലത്ത് മേഘാലയയിൽ കനത്ത മഴ അനുഭവപ്പെടുന്നതിനാല്‍ പലയിടങ്ങളിലും മണ്ണിടിച്ചിലും ചില പ്രദേശങ്ങളിലേക്കുള്ള പ്രവേശനനിയന്ത്രണങ്ങളും ഉണ്ടാകാറുണ്ട്.
















