അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങൾ ഊഷ്മളമായ ആതിഥ്യമര്യാദ എന്നിവയ്ക്ക് പേരുകേട്ട ഇടമാണ് തായ്‌ലൻന്റിന്റെ തലസ്ഥാന നഗരിയായ ബാങ്കോക്ക്. എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളും തിരക്കേറിയ മാർക്കറ്റുകളും ഫ്ലോട്ടിംഗ് മാർക്കറ്റുകളും കാണണമെങ്കിൽ ബാങ്കോക്ക് തന്നെപോകണം. പരമ്പരാഗത തായ് പാചക വിഭവങ്ങളും ബാങ്കോക്ക് എത്തിയാൽ ആസ്വദിക്കാനാകും.
അംബര ചുംബികളായ കെട്ടിടങ്ങളും ഷോപ്പിങ് മാളുകളും ബുദ്ധ വിഹാര കേന്ദ്രങ്ങളും ആശ്ചര്യം ജനിപ്പിക്കുന്ന നിർമിതികളും ക്ഷേത്ര സമുച്ചയങ്ങളും എന്നുവേണ്ട നിരവധി കാഴ്ചകൾ ഈ നഗരത്തിലെത്തുന്ന സന്ദർശകർക്ക് ആസ്വദിക്കാം. ഇന്ത്യൻ സഞ്ചാരികളുടെ സ്വപ്നഭൂമിയാണ് ഇത്, തായ്‌ലൻഡിലെ ബാങ്കോക്ക് നൽകുന്ന അവിസ്മരണീയ കാഴ്ചകൾ നിരവധിയാണ്. ബാങ്കോക്കിൽ എത്തുന്ന അതിഥികളിൽ ഭൂരിപക്ഷവും എത്തിപ്പെടുന്ന ഒരിടമാണ് ചാതുചക്ക് മാർക്കറ്റ്. എണ്ണിയാൽ തീരാത്തത്രയും ഉല്പന്നങ്ങളുടെ ഒരു നീണ്ട നിര തന്നെ ഈ ആഴ്ചവിപണിയിൽ കാണുവാൻ കഴിയും. തുണിത്തരങ്ങൾ, തുകൽ ഉല്പന്നങ്ങൾ, ആ നാടിന്റെ തനതു കരകൗശല വസ്തുക്കൾ എന്നു തുടങ്ങി അനധികൃതമായി വന്യജീവികളെ വരെ വാങ്ങുവാൻ കിട്ടും ഈ മാർക്കറ്റിൽ.
തായ്‍ലൻഡിൽ കാഴ്ചകൾ ഒരുപാട് ഉണ്ടെങ്കിലും ബാങ്കോക്കിലെ ഫ്ളോട്ടിങ് മാർക്കറ്റ് ഏവർക്കും അദ്ഭുതം പകരുന്ന കാഴ്ചയാണ്. പേര് പോലെ തന്നെ ഒഴുകി നടക്കുന്ന മാർക്കറ്റ്. തായ്‍ലൻഡിലെ സമൂത് സോങ്ങ്‌ക്രാമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. ബാങ്കോക്കിൽ നിന്നു വളരെ അകലെയല്ലാത്തതിനാൽ, കനാൽ കാഴ്ചകൾ ആസ്വദിക്കാനും രുചികരമായ ഭക്ഷണം കഴിക്കാനും ഇവിടെയെത്തുന്ന അതിഥികൾ ഏറെയാണ്. മേ ക്ലോംഗ് നദിയുടെ കനാലാണ് ആംഫാവ. ആംഫാവയിലാണ് വൈകുന്നേരങ്ങളിൽ ഉണരുന്ന ചന്ത പ്രവർത്തിക്കുന്നത്. കച്ചവടങ്ങൾ എല്ലാം നടക്കുന്നത് കനാലിലൂടെ ഒഴുകി നടക്കുന്ന ചെറുവള്ളങ്ങളിലാണ്. കച്ചവടക്കാർ കനാലിന്റെ ഇരുവശങ്ങളിലുമായി നിൽക്കുന്ന ആവശ്യക്കാർക്ക് ഞണ്ടുകൾ, ചെമ്മീൻ തുടങ്ങി നിരവധി രുചികരമായ ഭക്ഷണങ്ങൾ വള്ളത്തിലെത്തി നൽകുന്നു. ഈ ഒഴുകുന്ന വള്ളങ്ങളിൽ നിന്നും സ്വാദിഷ്ഠമായ ഭക്ഷണം കഴിക്കാം. വാരാന്ത്യങ്ങളിൽ മാത്രമാണ് ഈ ചന്ത പ്രവർത്തിക്കുന്നത്. കൂടാതെ സന്ദർശകർക്ക് ആംഫാവ കനാലിലൂടെ കാഴ്ചകളും ജീവിതരീതികളും കാണുന്നതിന് ഒരു ബോട്ട് ടൂർ നടത്താനും സൗകര്യമുണ്ട്.
കലാസ്നേഹികളെ ഒരിക്കലും നിരാശപ്പെടുത്താത്തയിടമാണ് ബാങ്കോക്ക് സാംസ്‌കാരിക കേന്ദ്രം. ഈ കെട്ടിട സമുച്ചയത്തിൽ അന്നാട്ടിലെയും പുറം രാജ്യങ്ങളിലെയും കലാകാരന്മാരുടെ കലാപ്രദർശനവും സ്വകാര്യ ഗാലറികളും സ്ഥിതി ചെയ്യുന്നുണ്ട്. കാഴ്ചകളെല്ലാം ആസ്വദിച്ചു കഴിയുമ്പോൾ ഒരു കാപ്പി കുടിച്ചു വിശ്രമിക്കാനായി കോഫീ ഷോപ്പുകളും ഇവിടെയുണ്ട്.വിശ്വാസങ്ങൾക്കും ആരാധനയ്ക്കും പ്രത്യേക സ്ഥാനം നൽകുന്ന ജനതയാണ് തായ്‌ലൻഡിലേത്. ഹൈന്ദവ, ബുദ്ധ ആരാധനയുടെ ഒരു സങ്കലനം ഇവിടെ കാണുവാൻ കഴിയും. ബാങ്കോക്കിലെ ഏറ്റവും പ്രശസ്തമായ ദേവാലയമാണ് താവോ മഹാ ഫ്രോം. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിൽ തദ്ദേശവാസികളെ കൂടാതെ, മറ്റുരാജ്യങ്ങളിൽ നിന്നുമുള്ള അതിഥികളും എത്താറുണ്ട്. ധൂമ സുഗന്ധങ്ങളുടെ, പുഷ്പങ്ങളുടെ, സാമ്പ്രദായിക നൃത്തസംഗീതങ്ങളുടെ അകമ്പടിയോടെ എല്ലാവരും തന്നെ ആ ആരാധനയിൽ പങ്കു കൊള്ളുന്നു.തായ്‌ലൻഡിന്റെ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് ബാങ്കോക്ക് മ്യൂസിയം.
പൂർണമായും തേക്കിൽ പണിതീർത്ത 3 ബംഗ്ളാവുകൾ ഇവിടെ കാണുവാൻ കഴിയും. മരത്തിൽ തീർത്ത ഗൃഹോപകരണങ്ങൾ, ചീന പാത്രങ്ങൾ എന്നിങ്ങനെ ഇവിടെ കാഴ്ചകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. ചരിത്രവും സംസ്കാരവും ആ രാജ്യത്തിന്റെ തനതു വാസ്തുവിദ്യയും സമ്മേളിച്ച നിർമാണ വൈദഗ്ധ്യം ഇവിടെ കാണുവാൻ കഴിയും. യുദ്ധത്തിനും മുൻപും ശേഷവുമുള്ള തായ്‌ലൻഡിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഇവിടുത്തെ കാഴ്ചകൾ. ബാങ്കോക്കിലെ കാഴ്ചകളിൽ പ്രത്യേക സ്ഥാനമുണ്ട് ലുംഫിനി പാർക്കിന്. ഏകദേശം 58 ഹെക്ടറുകളിലായി പരന്നു കിടക്കുന്ന, വൃത്തിയായി പരിപാലിക്കപ്പെടുന്ന പുൽമൈതാനിയും പൂന്തോട്ടങ്ങളും ഒപ്പം ഒരു കൃത്രിമ തടാകവും ചേർന്നതാണ് ലുംഫിനി പാർക്ക്. നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞു അല്പം സമയം ചെലവഴിക്കാൻ അനുയോജ്യമായ വിധത്തിലാണ് പാർക്കിന്റെ നിർമാണം.
രണ്ടാം ലോക മഹായുദ്ധ കാലത്തിന്റെ ഓർമകൾ ഉറങ്ങുന്ന, വെയർ ഹൗസ് 30 എന്ന നവീകരിച്ച കെട്ടിടമാണ് ക്രീയേറ്റീവ് ഡിസ്ട്രിക്ടിലെ പ്രധാന കാഴ്ച. കോഫി ഷോപ്പ്, ഗൃഹോപകരണ ഉൽപ്പന്നങ്ങൾ, പൂക്കടകൾ അങ്ങനെ ചരിത്രവും ആധുനികതയും ഇടകലർന്ന ഒരു അനുഭവം നൽകുന്നു ബാങ്ക് റാക് ജില്ലയിലെ ഈ ക്രീയേറ്റീവ് ഡിസ്ട്രിക്ട്. പോർച്ചുഗൽ എംബസ്സിയിലെ കവാടത്തിനരികിലെ ചുമരിലെ “വിൽസ് മ്യൂറൽ ” ചിത്രം ഒഴിവാക്കാൻ പാടില്ലാത്ത ഇവിടുത്തെ ഒരു കാഴ്ചയാണ്.
ബാങ്കോക്കിന്റെ ചരിത്രം, സംസ്‍കാരം, ജീവിത രീതി, തായ്‌ലൻഡും പോർച്ചുഗലും തമ്മിലുള്ള ചരിത്രാതീത ബന്ധം ഇവയ്‌ക്കെല്ലാമുള്ള തെളിവ് പോലെയാണ് ഈ ചിത്രം.ലോക പ്രസിദ്ധമാണ് ബാങ്കോക്കിലെ ചൈന ടൗൺ. മറ്റേതൊരു ചൈനീസ് നഗരത്തിന്റെയും പരിച്ഛേദം പോലെയാണ് ഇവിടം. തെരുവുകൾ പരമ്പരാഗത ചൈനീസ് വിഭവങ്ങളുടെയും പച്ചില മരുന്നുകളുടെയും ഗന്ധം കൊണ്ട് വേറിട്ടു നിൽക്കുന്നു. നിയോൺ പ്രകാശത്തിൽ ചെറുഭക്ഷണശാലകളുടെ നീണ്ട നിരയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.പൂക്കൾ ഇഷ്ടമില്ലാത്തവർ ആരുണ്ട്? ആകർഷകമായ നിറവും ഗന്ധവും ആസ്വദിക്കണമെന്നുള്ളവർ നിർബന്ധമായും സന്ദർശിക്കേണ്ടയിടമാണ് പാക്ഖൊ ലോങ്ങ് തലത്. വിവിധ നിറങ്ങളും ഗന്ധങ്ങളും നിറഞ്ഞ ധാരാളം പുഷ്പങ്ങൾ ഇവിടെ കാണുവാൻ കഴിയും. ക്ഷേത്രങ്ങളിലേക്കും പൂജകൾക്കും നൽകാനായി അസംഖ്യം പൂമാലകൾ ഇവിടെ തയാറാക്കി നൽകുന്നുണ്ട്.
















