സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളടക്കം പരാമര്‍ശിക്കുന്ന കത്ത് വിഷയത്തില്‍ മറുപടി പറയാതെ മൗനം പാലിക്കുന്നത് ആരോപണങ്ങള്‍ അസംബന്ധമാണെന്ന് സ്ഥാപിക്കാനുള്ള സിപിഎം കുബുദ്ധിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കത്ത് വിവാദത്തില്‍ സിപിഎം പ്രതിരോധത്തിലാണ്. ആരോപണങ്ങള്‍ നിഷേധിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. പാര്‍ട്ടിക്ക് വന്‍കിട പണക്കാരുടെ സ്വാധീനമുണ്ടെന്ന ആരോപണം ഗുരുതരമാണ്. സര്‍ക്കാരിന്റെ പദ്ധതികള്‍ക്കായുള്ള ഫണ്ട് വകമാറ്റി ചെലവഴിച്ചതിലൂടെ സിപിഎം നേതാക്കന്‍മാരുടെയും സ്വന്തക്കാരുടെയും കൈകളിലേക്ക് പണംമെത്തിയെന്നത് അതീവ ഗൗരവമായ വിഷയമാണ്. ഇതില്‍ അന്വേഷണം നടത്തണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കുന്നതിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തി. സിപിഎമ്മിനും മുഖ്യമന്ത്രിക്കും ആര്‍എസ്എസുമായുള്ള പാലമാണ് എഡിജിപി അജിത്കുമാര്‍. വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ടുള്ള കോടതിവിധി പിണറായി വിജയന്‍ ഒരുവട്ടമെങ്കിലും വായിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി പദവി രാജിവെയ്ക്കുമായിരുന്നു. നീതി ചവിട്ടിയരച്ചെന്നാണ് കോടതി പരാമര്‍ശിച്ചത്. എഡിജിപിയെയും മുഖ്യന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും സംരക്ഷിക്കാന്‍ നടത്തിയ ഇടപെടലുകള്‍ കോടതിക്ക് ബോധ്യപ്പെട്ടു. പി.ശശിക്കെതിരെയുള്ള പരാതികളില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും സണ്ണിജോസഫ് പറഞ്ഞു.
















