കുവൈത്തിലെ വിഷമദ്യ ദുരന്തത്തിന് ഇരയായി ചികിത്സയിൽ തുടരുന്നവരെ നാട് കടത്താനുള്ള നടപടികൾ ആരംഭിച്ചു. 160 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയത്. ദുരന്തത്തില്‍ 23 പേർ മരിച്ചിരുന്നു. ചികിത്സയിൽ തുടരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികളുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ ഉടൻ നാട്ടിലേക്ക് അയക്കും. ഇവർക്ക് തിരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ വിലക്കും ഏർപ്പെടുത്തും. ജോലിയും ആരോഗ്യവും നഷ്ടപെട്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ഇനി എന്ത് ചെയ്യും എന്നുള്ള ആശങ്കയിലാണ് പ്രവാസികൾ.
കുവൈത്തിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്ത് വന്നവരാണ് വിഷമദ്യ ദുരന്തത്തിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളാണ് നാട്ടിലുള്ളത്. ആ ചെറിയ തുക കൂടി ലഭിക്കാതെ ആകുമ്പോൾ പ്രവാസികളുടെ മിക്ക കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലാകും. അത് മാത്രവുമല്ല നിലവിൽ ചികിത്സയിൽ തുടരുന്ന പലരുടെയും കാഴ്ച നഷ്ടപ്പെടുകയും വൃക്ക തകരാറിലാകുകയും ചെയ്തിട്ടുണ്ട്. ഇവരുടെ തുടർ ചികിത്സയ്ക്കുള്ള പണവും ഇനി വീട്ടുകാർ കണ്ടെത്തേണ്ടി വരും. ഇത് പല കുടുംബങ്ങളുടെയും മുന്നോട്ടുള്ള ജീവിതത്തെ സാരമായി ബാധിക്കും.ചികിത്സയിൽ കഴിയുന്നവരിൽ 20 പേർക്ക് കാഴ്ച നഷ്ടമായതായി റിപ്പോർട്ടുകളുണ്ട്. ചികിത്സയിൽ തുടരുന്ന ആളുകളുടെ വിവരങ്ങൾ കുവൈത്ത് അധികൃതർ പുറത്ത് വിടാൻ തയ്യാറായിട്ടില്ല.
അതു കൊണ്ട് എത്ര മലയാളികൾ ദുരന്തത്തിന് ഇരയായി എന്ന കാര്യത്തിലും വ്യക്തതയില്ല. സംഭവുമായി ബന്ധപ്പെട്ട് 71 പേരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.അതേസമയം, കുവൈത്ത് വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന എല്ലാ വിഭാഗം ജീവനക്കാരുടെയും മെഡിക്കൽ പരിശോധന റിപ്പോർട്ട്നൽകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. ലഹരിയുടെയും മദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്താൻ ആണ് പരിശോധന. പരിശോധനയ്ക്ക് വിസമ്മതിച്ചാൽ അവർ ലഹരി ഉപയോഗിച്ചതായി കണക്കാക്കി തുടർനപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
STORY HIGHLIGHT : kuwait-begins-deportation-process-for-victims-of-toxic-liquor-tragedy
















