മുംബൈ: നവി മുംബൈയിൽ വൈദ്യുതിതകരാര്‍ മൂലം മോണോറെയിൽ ട്രാക്കിൽ കുടുങ്ങി. യാത്രയ്ക്കിടെ നിശ്ചലമായതോടെ നിരവധി യാത്രക്കാർ കുടുങ്ങി. ചൊവ്വാഴ്ച വൈകിട്ട് മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെല്ലാം വൈറൽ ആണ്.
Monorail stuck in Mumbai.
Rescue operation going on.#Mumbai pic.twitter.com/PFXEBsu5lM
— Vivek Gupta (@imvivekgupta) August 19, 2025
മുംബൈയില്‍ കനത്തമഴ തുടരുന്നതിനിടെയാണ് വൈദ്യുതിവിതരണം തകരാറിലായി ട്രെയിന്‍ നിശ്ചലമായസംഭവവും ഉണ്ടായിരിക്കുന്നത്. ഉയരപ്പാതയിലൂടെ പോവുകയായിരുന്ന ട്രെയിനാണ് വൈദ്യുതിവിതരണം മുടങ്ങിയതോടെ ട്രാക്കില്‍ നിന്നുപോയത്. ഇതോടെ യാത്രക്കാര്‍ ഏറെനേരമായി ട്രെയിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്ക് ഇറക്കുന്നുണ്ട്. വൈദ്യുതിവിതരണം തടസപ്പെട്ടതോടെ ട്രെയിനിലെ എയര്‍കണ്ടീഷന്‍ സംവിധാനവും തകരാറിലായി. ട്രെയിനിന്റെ വാതിലുകളും തുറക്കാന്‍ കഴിഞ്ഞില്ല. നിറയെ യാത്രക്കാരുണ്ടായതിനാല്‍ എസി സംവിധാനം തകരാറിലായതോടെ പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ടെക്‌നീഷ്യന്‍മാര്‍ എത്തി ഏറെനേരം പരിശ്രമിച്ചശേഷമാണ് വാതിലുകള്‍ തുറക്കാനായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Monorail stuck near Mysore colony – Chembur in Mumbai. People stuck for the last one hour. Engineers and fore brigade at the spot attempting to open the carriages pic.twitter.com/o5IF62zK08
— Megha Prasad (@MeghaSPrasad) August 19, 2025
വൈദ്യുതിവിതരണത്തിലുണ്ടായ തകരാര്‍ കാരണമാണ് ട്രെയിന്‍ ഉയരപ്പാതയില്‍ നിന്നുപോയതെന്ന് മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു. തങ്ങളുടെ ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് ടീമുകള്‍ സ്ഥലത്തുണ്ടെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. നിലവില്‍ വഡാലയ്ക്കും ചെമ്പൂരിനും ഇടയില്‍ സിംഗിള്‍ലൈനിലൂടെ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും കോര്‍പ്പറേഷന്‍ പറഞ്ഞു. മുംബൈയിൽ തുടരുന്ന കനത്ത മഴയിൽ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. 24 മണിക്കൂറിനിടെ മുംബൈയിൽ ലഭിച്ചത് 300 മില്ലിമീറ്റര്‍ മഴയാണ്. ഇത് റോഡ്, റെയില്‍ ഗതാഗതങ്ങള്‍ക്കൊപ്പം വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. എട്ടുവിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. മുംബൈയിലേക്കുള്ള ലോക്കല്‍, ദീര്‍ഘദൂര ട്രെയിനുകള്‍ താനെ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ചിരിക്കുകയാണ്.
















