ഫ്രൂട്ട് സാലഡ് ഉണ്ടാക്കാനും ജ്യൂസ് അടിക്കാനുമെല്ലാം പഴങ്ങൾ ഒരുമിച്ചിടാറുണ്ട്. എന്നാൽ ഇനി അങ്ങനെ പഴങ്ങൾ ഒരുമിച്ച് ചേർക്കാൻ വരട്ടെ. ചില പഴങ്ങൾ ഒരുമിച്ച് വരുന്നത് ഉദരാരോഗ്യത്തിന് അത്ര നല്ലതല്ല.
ഇത് ആരോഗ്യകരമാണെന്ന് തോന്നാമെങ്കിലും ഇവ ബ്ലോട്ടിങ്ങിനും പോഷകനഷ്ടത്തിനും കാരണമാകും. ഇത്തരത്തിൽ ഒരുമിച്ച് ചേർക്കാൻ പാടില്ലാത്ത ആറ് പഴമിശ്രണങ്ങളെ അറിയാം.
അമ്ലഗുണമുള്ള പഴങ്ങളും മധുരമുള്ള പഴങ്ങളും
ഓറഞ്ചും വാഴപ്പഴവും ഒരുമിച്ച് ചേർക്കാൻ പാടില്ല. അതുപോലെ സ്ട്രോബറിയും ഉണക്കമുന്തിരിയും അമ്ലഗുണമുള്ളതും സബ് അസിഡിക്കുമായ ഓറഞ്ച്, സ്ട്രോബെറി, ആപ്പിൾ തുടങ്ങിയ പഴങ്ങൾ വളരെ വേഗത്തിൽ ദഹിക്കും. എന്നാൽ വാഴപ്പഴം, അത്തിപ്പഴം തുടങ്ങിയ മധുരമുള്ള പഴങ്ങൾ ദഹിക്കാൻ സമയമെടുക്കും. ഇത്തരം രണ്ടു പഴങ്ങളും ഒരുമിച്ചു കഴിച്ചാൽ വായുകോപ(gas)ത്തിനും വയറു കമ്പിക്കലിനും (bloating) അസിഡോസിസിനും കാരണമാകും.
സ്റ്റാർച്ച് അടങ്ങിയ പഴങ്ങളും പ്രോട്ടീൻ കൂടുതലടങ്ങിയ പഴങ്ങളും
പച്ച വാഴപ്പഴവും വെണ്ണപ്പഴ (Avocado)വും ഒരുമിച്ച് കഴിക്കാൻ പാടില്ല. സ്റ്റാർച്ചിന് ദഹിക്കാൻ ആൽക്കലൈൻ ആയ ഒരു ദഹനാന്തരീക്ഷം ആവശ്യമാണ്. എന്നാൽ പ്രോട്ടീൻ ദഹിക്കാൻ ആസിഡ് ആവശ്യമാണ്. ഇവ രണ്ടും ഒരുമിച്ചു കഴിച്ചാൽ ദഹനക്കേടിനുകാരണമാകും. കൂടാതെ പോഷകങ്ങളുടെ ആഗിരണം ശരിയായി നടക്കാതെ വരുകയും ക്ഷീണം തോന്നുകയും ചെയ്യും.
മത്തൻ പഴങ്ങളും മറ്റേതൊരു പഴവും
തണ്ണിമത്തനും ആപ്പിളും ഒരുമിച്ച് കഴിക്കാൻ പാടില്ല. ധാരാളം ജലാംശം അടങ്ങിയതിനാൽ മത്തൻ പഴങ്ങൾ (melons) വളരെ വേഗത്തിൽ ദഹിക്കും. ഈ പഴം സാവധാനത്തിൽ ദഹിക്കുന്ന ആപ്പിളിന്റെയോ പെയറിന്റെയോ ഒപ്പം കഴിച്ചാൽ അത് വയറിനുള്ളിൽ ഫെർമെന്റ് ആവും. ഇത് ബ്ലോട്ടിങ്ങ്, ഓക്കാനം, വയറിളക്കം ഇവയ്ക്ക് കാരണമാകും. തണ്ണിമത്തൻ, മസ്ക്ക്മെലൺ തുടങ്ങിയ പഴങ്ങൾ കഴിക്കുമ്പോൾ അവ മാത്രമേ കഴിക്കാവൂ.
പപ്പായയും നാരങ്ങയും
പപ്പായയിൽ ദഹനത്തിനു സഹായിക്കുന്ന എൻസൈമുകൾ ഉണ്ട്. ഇവ നാരങ്ങയോടൊപ്പം ചേരുമ്പോൾ ശരീരത്തിന്റെ പിഎച്ച് ബാലൻസ് തടസ്സപ്പെടും. അമ്ലഗുണമുള്ള നാരങ്ങയും ആൽക്കലൈൻ സ്വഭാവമുള്ള പപ്പായയും ചേരുമ്പോൾ വയറിന് അസ്വസ്ഥതയും ആസിഡ് റിഫ്ലക്സും ഉണ്ടാക്കും. ദഹനപ്രശ്നങ്ങൾ ഉള്ളവരും കുട്ടികളും ഈ പഴങ്ങൾ ഒരുമിച്ച് കഴിക്കരുത്.
പേരയ്ക്കയും വാഴപ്പഴവും
ഇവ രണ്ടും ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണെങ്കിലും ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കും. നാരുകൾ ധാരാളമടങ്ങിയ പേരയ്ക്ക സ്റ്റാർച്ച് അടങ്ങിയ വാഴപ്പഴത്തോടൊപ്പം കഴിക്കുന്നത് ബ്ലോട്ടിങ്ങിനും അസിഡിറ്റിക്കും കാരണമാകും. ക്രമേണ ഇത് ഉദരപാളികൾക്ക് അസ്വസ്ഥതയുണ്ടാക്കുകയും പോഷകങ്ങളുടെ ആഗിരണം തകരാറിലാക്കുകയും ചെയ്യും.
പഴങ്ങളും പച്ചക്കറികളും
ഉദാഹരണമായി ഓറഞ്ചും കാരറ്റും ഒരുമിച്ച് കഴിക്കരുത്. എങ്ങനെയാണ് ദഹിക്കുന്നത് എന്നതാണ് പഴങ്ങളും പച്ചക്കറികളും തമ്മിലുള്ള ഒരു വ്യത്യാസം. പഴങ്ങൾ, പ്രത്യേകിച്ച് മധുരമുള്ളതും അമ്ലഗുണമുള്ളതുമായ പഴങ്ങൾ വളരെ വേഗത്തിൽ വിഘടിക്കപ്പെടും. എന്നാൽ പച്ചക്കറികൾ ഏറെ സമയമെടുക്കും. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനം അപൂർണമാക്കുകയും ഉദരത്തിൽ ഫെർമെന്റേഷൻ നടക്കുകയും ഗ്യാസ്ട്രബിൾ, തലവേദന ഇവയ്ക്ക് കാരണമാകുകയും ചെയ്യും.
















