കൃത്രിമ ഗർഭപാത്രം ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ ഗർഭിണിയായ ഹ്യൂമനോയിഡ് റോബോട്ട് നിർമ്മിക്കാൻ ഒരുങ്ങി ചൈനീസ് കമ്പനി. ഗര്‍ഭിണിയാകാന്‍ കഴിവുള്ള റോബോട്ടിനെ 2026-ല്‍ പുറത്തിറക്കുമെന്ന് കൈവ ടെക്നോളജിയുടെ സ്ഥാപകന്‍ ഡോ. ഷാങ് ക്യുഫെങ് ബെയ്ജിങ്ങില്‍ നടന്ന ലോക റോബോട്ട് കോണ്‍ഫറന്‍സില്‍ പറഞ്ഞു.
കൈവ ടെക്നോളജിയുടെ ഈ പ്രഖ്യാപനം ആരോഗ്യ രംഗത്തുൾപ്പെടെ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. കൃത്രിമ ഗർഭപാത്രം ഉപയോഗിച്ചാണ് ഈ ഹ്യൂമനോയിഡ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. ഇത് ഒരു യഥാർഥ ഗർഭധാരണത്തെ അനുകരിക്കുന്നു. അതായത് പത്ത് മാസത്തെ ഗർഭകാലം മുഴുവൻ ഭ്രൂണത്തെ വഹിക്കാനും ഒരു കുഞ്ഞിന് ജന്മം നൽകാനും റോബോട്ടിന് സാധിക്കും. കൃത്രിമ അമ്നിയോട്ടിക് ദ്രാവകവും ഗർഭധാരണം മുതൽ ജനനം വരെ ഭ്രൂണത്തിന്‍റെ വളർച്ചക്ക് ആവശ്യമായ പോഷക വിതരണ സംവിധാനവും ഇതിൽ ഉൾപ്പെടുന്നു.ഗർഭം ധരിക്കാൻ കഴിയാത്തവർക്ക് പ്രത്യാശ നൽകുന്നതാണ് ഈ പരീക്ഷണം. ഈ മുന്നേറ്റം വന്ധ്യതാ ചികിത്സകൾ, പ്രത്യുൽപാദന വൈദ്യശാസ്ത്രം, ശാസ്ത്രീയ ഗവേഷണം എന്നിവയെ പോലും മാറ്റിമറിക്കും. 1,00,000 യുവാന്‍(ഏകദേശം 12 ലക്ഷം) ആയിരിക്കും റോബോട്ടിന്റെ വില.
ഗര്‍ഭസ്ഥ ശിശു ഒരു കൃത്രിമ ഗര്‍ഭപാത്രത്തിനുള്ളില്‍ വളരുകയും ഒരു ട്യൂബ് വഴി പോഷകങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതുമായ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഗവേഷകർ പുറത്തുവിട്ടിട്ടില്ല. സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ ഡോ. ഷാങ് ക്യുഫെങ്ങിന്‍റെ നേതൃത്വത്തിലുള്ള ഗ്വാങ്ഷോ ആസ്ഥാനമായുള്ള കൈവ ടെക്നോളജിയാണ് റോബോട്ട് വികസിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2026 ആകുമ്പോഴേക്കും ഒരു അമ്മയിൽ നിന്നല്ല പകരം ഒരു യന്ത്രത്തിൽ നിന്ന് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത് നമുക്ക് കാണാൻ കഴിയുമെന്നാണ് ഗവേഷകൻ പറയുന്നത്
















