Iന്യൂഡല്‍ഹി: ഇന്ത്യ- ചൈന ബന്ധത്തില്‍ പുതിയ വഴിത്തിരിവ്. ഇന്ത്യ-ചൈന ബന്ധത്തില്‍ മഞ്ഞുരുക്കി ഡല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ച. അതിര്‍ത്തി പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനമായി. അതിര്‍ത്തി നിര്‍ണയത്തിന് പരിഹാരം കാണാന്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.ഇരുരാജ്യവും തമ്മിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ കഴിഞ്ഞ ഒന്‍പതുമാസമായി സമാധാനവും ശാന്തതയും നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ-ചൈന ബന്ധത്തില്‍ പുരോഗതി ദൃശ്യമാണെന്ന് ചര്‍ച്ചയില്‍ ഇന്ത്യ പറഞ്ഞു.
2020-ല്‍ ഗാല്‍വന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിനുശേഷം ഇരുരാജ്യവും തമ്മിലുള്ള ബന്ധം സാധാരണഗതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചര്‍ച്ച. ലോകക്രമത്തില്‍ പുതുതായി രൂപപ്പെടുന്ന ഇന്ത്യ-റഷ്യ-ചൈന അടുപ്പത്തിന്റെ പ്രതിഫലനവും ഈ നീക്കങ്ങളിലുണ്ട്. ചൊവ്വാഴ്ച ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക പ്രതിനിധികളുടെ യോഗത്തില്‍ അജിത് ഡോവലുമായി വാങ് യി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തിയിലെ സേന വിന്യാസം കുറയ്ക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. കൂടാതെ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ചൈന നിര്‍മിക്കുന്ന പുതിയ ഡാമിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. തയ്വാന്‍ വിഷയത്തിലെ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും അറിയിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും വാങ് യി നയതന്ത്രല കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യവും തന്ത്രപ്രധാനമായ ആശയവിനിമയംവഴി പരസ്പരവിശ്വാസം കൂട്ടണമെന്നും അതിര്‍ത്തിപ്രശ്‌നം പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു.
















