ന്യൂഡൽഹി: പാലിയേക്കര ടോൾ മരവിപ്പിച്ച ഉത്തരവിനെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചാണ് തള്ളിയത്.
നാലാഴ്ച ടോൾ പിരിക്കൽ തടഞ്ഞ ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിൽ ഗതാഗതം സുഗമാമാക്കാനുള്ള നടപടികൾ തുടരണമെന്നും കോടതി പറഞ്ഞു.
പൗരന്മാർക്ക് അവരുടെ നികുതിപ്പണം കൊണ്ട് നിർമിച്ച റോഡുകളിൽ കൂടുതൽ പണം നൽകാതെ സഞ്ചരിക്കാനുള്ള അവകാശമുണ്ട്. സുഗമമായ ഗതാഗതം ഉറപ്പാക്കാനും സാഹചര്യം നിരീക്ഷിക്കാനും ഹൈകോടതി ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കെടുകാര്യസ്ഥതയുടെ പ്രതീകമാണ് ഗട്ടറുകളും കുഴികളും നിറഞ്ഞ റോഡ് എന്നും സുപ്രീം കോടതി പറഞ്ഞു. യുദ്ധക്കാല അടിസ്ഥാനത്തിൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് എൻഎച്ച്എഐയ്ക്കായി ഹാജരായ സോളിസിറ്റർ ജനറൽ നൽകിയ ഉറപ്പു കണക്കിലെടുക്കുന്നതായി സുപ്രീംകോടതി വ്യക്തമാക്കി. ഗതാഗതക്കുരുക്ക് പൂർണമായി നീങ്ങുന്ന സാഹചര്യത്തിൽ നിലവിലെ ഉത്തരവ് മാറ്റാൻ കക്ഷികൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
















