ഖത്തറിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള സമയപരിധി നീട്ടി. ഡിസംബർ 31 വരെയാണ് സമയപരിധി നീട്ടിയത്. രജിസ്‌ട്രേഷൻ പുതുക്കൽ കേന്ദ്രങ്ങളിലെ തിരക്കും വാഹന ഉടമകളുടെ ആവശ്യവും കണക്കിലെടുത്താണ് സമയപരിധി ഈ വർഷം അവസാനം വരെ നീട്ടിയത്.
കൃത്യമായി രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങൾ നിയമാനുസൃതമാക്കാൻ നേരെത്തെ ജൂലൈ 27 മുതൽ ആഗസ്റ്റ് 27 വരെ ഒരു മാസത്തെ സമയമാണ് ജനറൽ ട്രാഫിക് ഡയറക്ടേറ്റ് നൽകിയിരുന്നത്.
അംഗീകൃത ഗൾഫ് സ്പെസിഫിക്കേഷനുകൾ പാലിക്കാത്ത വാഹനങ്ങളുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് ഡിസംബർ 31 വരെ ഗ്രേസ് പിരീഡ് നീട്ടുന്നതായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) പ്രഖ്യാപിച്ചു.
2025 ഡിസംബർ 31-ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ, ഈ കാലയളവിൽ ഷോറൂമുകളിലൂടെയോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ പ്രദർശിപ്പിക്കാനും വിൽക്കാനും കഴിയുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പുതിയതും ഉപയോഗിച്ചതുമായ വാഹനങ്ങളും ഇതിൽ ഉൾപ്പെടും.
എന്നാൽ അതിനു ശേഷം രജിസ്റ്റർ ചെയ്ത ഏതെങ്കിലും വാഹനം ഗൾഫ് സ്പെസിഫിക്കേഷനുകൾ പാലിക്കാതെ പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് നിയമലംഘനമാണെന്നും, ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച 2025 ലെ സർക്കുലർ നമ്പർ (02) ന്റെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം.
















