പാലക്കാട്: കൊഴിഞ്ഞാമ്പാറ കരംപൊറ്റയിൽ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരംപൊറ്റയിലെ സന്തോഷി (42) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിന് താഴെയായിരുന്നു മൃതദേഹം. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ മൂങ്കിൽമട സ്വദേശിയായ യുവാവു വീട്ടിൽ കയറി മർദിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. പ്രതി മൂങ്കിൽമട സ്വദേശി ആറുച്ചാമിയെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ അർധരാത്രിയോടെയാണ് പിടികൂടിയത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് നിഗമനം.
















