ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചെങ്കിലും ഗാസ സിറ്റി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേല്‍. ഇന്നലെ (ഓഗസ്റ്റ് 19) മാത്രം ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 50 പലസ്‌തീനികള്‍ കൊല്ലപ്പെട്ടു. 31 പേര്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലുണ്ടായ ആക്രമണത്തിലാണ് മരിച്ചത്. ഇസ്രയേല്‍ നരനായാട്ടില്‍ ഇതുവരെ 62,0664 പലസ്‌തീനുകാരാണ് കൊല്ലപ്പെട്ടത്.
ഗാസ സിറ്റിക്ക് സമീപത്തെ സെയ്‌തന്‍ മേഖലയില്‍ 450 വീടുകള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. ഇതിന് പിന്നാലെ സൈന്യം സബ്ര മേഖലയിലേക്ക് നീങ്ങുകയാണെന്നും വിവരം ലഭിക്കുന്നുണ്ട്. ഗാസയിലെ പട്ടിണി മാറ്റാന്‍ ഇസ്രയേലിന്‍റെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം ഓഫിസ് കുറ്റപ്പെടുത്തി. പട്ടിണി കാരണം ഇന്നലെ മൂന്ന് പേര്‍ കൂടി പലസ്‌തീനില്‍ കൊല്ലപ്പെട്ടു.
മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്‌തും മുന്‍കൈയെടുത്താണ് ഹമാസ് വെടിനിര്‍ത്തല്‍ അംഗീകരിച്ചത്. 60 ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍. അതേസമയം തങ്ങള്‍ ഹമാസിന്‍റെ മറുപടി പഠിച്ച് വരികയാണെന്നാണ് ഇസ്രയേലിന്‍റെ പ്രതികരണം. അവശേഷിക്കുന്ന 50 ബന്ദികളെ മോചിക്കണമെന്ന് ഇസ്രയേല്‍ ആവശ്യം ഉന്നയിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ബന്ദികളെ രണ്ട് ഘട്ടമായി മോചിപ്പിക്കുമെന്നാണ് പദ്ധതിയിലുള്ളത്.
















