ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. പേശികളുടെ നിർമാണത്തിനും ബലത്തിനുമൊക്കെ പ്രോട്ടീൻ വേണം. ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രോട്ടീൻ ഏറെ പ്രധാനപ്പെട്ടതാണ്. കൂടാതെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും പ്രോട്ടീൻ സഹായിക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഏറ്റവുമധികം പ്രോട്ടീൻ ലഭിക്കുന്നത് മുട്ട, പനീർ എന്നിവയിൽ നിന്നാണ്.
ഈ ചോദ്യത്തിന് ലളിതമായ ഒരു ഉത്തരമില്ല. ഒരാളുടെ പ്രായം, ആരോഗ്യ സ്ഥിതി, സസ്യാഹാരിയാണോ മാംസാഹാരിയാണോ, ദഹനശേഷി എന്നിവയെ ആശ്രയിച്ചിരിക്കും ഇതിനുള്ള ഉത്തരം. ഏതായാലും മുട്ടയും പനീറും തമ്മിലുള്ള പ്രോട്ടീൻ, കലോറി, ആരോഗ്യ ഗുണങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഒന്ന് താരതമ്യം ചെയ്തുനോക്കാം
ഒരു പുഴുങ്ങിയ മുട്ടയിൽ (ഏകദേശം 50 ഗ്രാം) നിന്ന് ഏകദേശം 6 ഗ്രാം പ്രോട്ടീൻ ലഭിക്കും 100 ഗ്രാം പനീറിൽ ഏകദേശം 18 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 100 ഗ്രാംമിന് പനീറിൽ കൂടുതൽ പ്രോട്ടീൻ ലഭിക്കുമെങ്കിലും, അതിൽ കൊഴുപ്പും കൂടുതലാണ്. മുട്ട കൂടുതൽ ലഘുവായതും പ്രോട്ടീൻ സമ്പുഷ്ടവുമാണ്, പ്രത്യേകിച്ച് അതിൻ്റെ വെള്ളക്കരുവിൽ കൊഴുപ്പ് തീരെയില്ല. ഒരു പുഴുങ്ങിയ മുട്ടയിൽ ഏകദേശം 70–80 കലോറി അടങ്ങിയിരിക്കുന്നു. 100 ഗ്രാം പനീറിൽ ഏകദേശം 250–300 കലോറി അടങ്ങിയിരിക്കുന്നു. ഇത് പനീർ ഉണ്ടാക്കുന്ന രീതി അനുസരിച്ച് വ്യത്യാസപ്പെടാം.
മുട്ടയുടെ വെള്ള എളുപ്പത്തിൽ ദഹിക്കുന്നതാണ്. ഇത് ദഹനപ്രശ്നങ്ങളുള്ളവർക്ക് ഉത്തമമാണ്. പനീറും സാധാരണയായി ദഹിക്കാൻ എളുപ്പമാണ്, പക്ഷേ ലാക്ടോസ് അലർജിയുള്ളവർക്കോ പാലുൽപ്പന്നങ്ങളോട് സെൻസിറ്റീവായവർക്കോ ഇത് വയറുവേദന ഉണ്ടാക്കിയേക്കാം. കുട്ടികൾക്കും പ്രായമായവർക്കും ദഹനപ്രശ്നങ്ങളുള്ള മറ്റുള്ളവർക്കും, പുഴുങ്ങിയ മുട്ടയാണ് കൂടുതൽ നല്ലത്.
പലരും മുട്ടയെ മാംസാഹാരമായി കണക്കാക്കുന്നു. എന്നാൽ ചില സസ്യാഹാരികൾ മുട്ട കഴിക്കാറുണ്ട്. എന്നാൽ പനീർ 100% സസ്യാഹാരമാണ്, മാംസമോ മുട്ടയോ ഒഴിവാക്കുന്നവർക്ക് പനീർ മികച്ച പ്രോട്ടീൻ സ്രോതസുള്ള ഭക്ഷണമാണ്. നിങ്ങൾ ഒരു സസ്യാഹാരിയാണെങ്കിൽ, കൂടുതൽ പ്രോട്ടീൻ ലഭിക്കാൻ പനീറാണ് നല്ലത്.
മുട്ടയിൽ നിന്ന് വിറ്റാമിൻ ബി12, വിറ്റാമിൻ ഡി, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ലഭിക്കും. ഇത് തലച്ചോറിൻ്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്. പനീറിൽ കാൽത്സ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി2 എന്നിവ അടങ്ങിയിരിക്കുന്നു, ഇത് എല്ലുകൾക്കും പല്ലുകൾക്കും വളരെ നല്ലതാണ്. മിതമായ അളവിൽ കഴിക്കുകയാണെങ്കിൽ രണ്ട് ഭക്ഷണങ്ങളും ആരോഗ്യകരവും പോഷകസമൃദ്ധവുമാണ്. എന്നാൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ മുട്ടയുടെ മഞ്ഞക്കരുവും പനീറും ഒഴിവാക്കാൻ ശ്രദ്ധിക്കണം.
















