ഇന്നൊരു സ്പെഷ്യൽ ബിരിയാണി ഉണ്ടാക്കിയാലോ? രുചികരമായ മഷ്‌റൂം ബിരിയാണി റെസിപ്പി നോക്കാം.. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ബട്ടൻ മഷ്‌റൂം – 500 ഗ്രാം
- ബസുമതി റൈസ് – 600 ഗ്രാം
- വെളുത്തുള്ളി – 10 അല്ലി
- പച്ചമുളക് – 3 എണ്ണം
- ഇഞ്ചി – 1/2 കഷ്‌ണം
- നെയ്യ്- 3 ടീസ്‌പൂൺ
- സൺഫ്ലവർ ഓയിൽ – 1 1/2 ടീസ്‌പൂൺ
- ഏലക്ക – 6 എണ്ണം
- ഗ്രാമ്പൂ – 8 എണ്ണം
- കറുവപ്പട്ട – ചെറിയ കഷ്‌ണം
- സവാള – 3 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- തക്കാളി – 1 എണ്ണം
- മുളക്‌പൊടി – 1 ടീസ്‌പൂൺ
- ഗരംമസാല – 1 ടീസ്‌പൂൺ
- നാരങ്ങനീര് – 1 1/2 ടീസ്‌പൂൺ
- വെള്ളം – ആവശ്യത്തിന്
- മല്ലിയില – ആവശ്യത്തിന്
- പുതിനയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ മഷ്‌റൂം ഒരു നനഞ്ഞ തുണിയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് നന്നായി തുടച്ച ശേഷം നടുവേ മുറിച്ച് കഷ്‌ണങ്ങളാക്കുക. ഇനി അടുപ്പിൽ കുക്കർ വച്ച് അത് ചൂടാകുമ്പോൾ അതിലേക്ക് നെയ്യും സൺഫ്ലവർ ഓയിലും ഒഴിക്കുക. ചൂടായ ശേഷം ഇതിലേക്ക് ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ചേർക്കാം. ഇനി തീ മീഡിയം ഫ്ലെയിമിൽ വച്ച ശേഷം ഇതിലേക്ക് സവാളയും കുറച്ച് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കാം. സവാള നന്നായി വഴറ്റിയതിന് ശേഷം ഇതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചതച്ചെടുത്ത് ചേർത്ത് നന്നായി ഇളക്കിയെടുക്കുക.
ഇനി ഇതിലേക്ക് തക്കാളി കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കാം. തക്കാളി നന്നായി വെന്തുവന്ന ശേഷം മുളക് പൊടി, ഗരംമസാല എന്നിവ ചേർത്ത് ഇതിൻ്റെ പച്ചമണം മാറുന്ന വരെ ഇളക്കികൊടുക്കാം. ശേഷം ഇതിലേക്ക് മഷ്‌റൂം ചേർത്ത് ഇളക്കി യോജിപ്പിക്കുക. മഷ്‌റൂം ഉടഞ്ഞ് പോവാതെ ശ്രദ്ധിക്കണം. ഇനി ഇതിലേക്ക് നാരങ്ങാ നീരും വെള്ളവും ഒഴിക്കുക. അരി എടുക്കുന്ന അളവിനനുസരിച്ച് വെള്ളം ഒഴിക്കുക. ഇനി ഇവ നന്നായി തിളച്ചത്തിന് ശേഷം മല്ലിയിലയും പുതിനയിലയും ഉപ്പും കഴുകി വൃത്തിയാക്കിയ ബസുമതി റൈസും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കുക്കർ അടച്ച് വച്ച് വേവിക്കാം.
ഒരു വിസിൽ വന്ന ശേഷം തീ ഓഫ് ചെയ്യാം. പ്രഷർ കഴിയുന്നത് വരെ കുക്കർ തുറക്കാതെ ശ്രദ്ധിക്കണം. അര മണിക്കൂറിന് ശേഷം കുക്കർ തുറക്കാം. ആദ്യം ഒരു ഫോർക്കോ സ്‌പൂണോ ഉപയോഗിച്ച് ചെറുതായി ഇളക്കിയ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം.
















